തിരുവനന്തപുരം: കേരളത്തിന്റെ പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം അർജന്റീനിയൻ ചിത്രം റെഫ്യൂജിയാഡോവിന്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് ഹുസൈൻ ഷബാബി അർഹനായി. ജാപ്പനീസ് ചിത്രമായ സമ്മർ ക്വാട്ടോയുടെ സംവിധായകൻ ഹീറോഷി ടോഡയാണ് മികച്ച സംവിധായകനുള്ള രജത ചകോരം.

മലയാള ചിത്രങ്ങളിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കത്തിന് രണ്ട് അവാർഡ് ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്കിന്റെയും ഫിപ്രസിയുടെയും അവാർഡുകളാണ് ഒരാൾപ്പൊക്കത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം മൊറോക്കോ ചിത്രമായ ദെയ് ആർ ദി ഡോഗ്‌സിനാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ജാപ്പനീസ് ചിത്രമായ സമ്മർ ക്വാട്ടോ നേടി. പ്രത്യേക ജൂറി പുരസ്‌കാരം ഇറാനിയൻ ചിത്രമായ ഒബ്ലിവിയൻ സീസണ് ലഭിച്ചു.

ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം മലയാള ചിത്രം അസ്തമയം വരെ സ്വന്തമാക്കി.