- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുവർണചകോരം സ്വീഡിഷ് ചിത്രമായ ക്ലാര സോളയ്ക്ക്; ഇനെസ് മരിയ ബരിനേവോ മികച്ച സംവിധായകൻ; പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ആവാസവ്യൂഹവും കൂഴങ്കളും; ഐ എഫ് എഫ് കെയ്ക്ക് പ്രൗഡഗംഭീര സമാപനം
തിരുവനന്തപുരം: ഐ എഫ് എഫ് കെയുടെ 26 ാം അധ്യായത്തിന് പ്രൗഡഗംഭീര സമാപനം. രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോര പുരസ്‌കാരം സ്വീഡിഷ് ചിത്രമായ 'ക്ലാര സോള'യ്ക്ക്.20 ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെടുന്നതാണ് ഈ പുരസ്‌കാരം.മികച്ച സംവിധായിക/ സംവിധായകനുള്ള രജത ചകോരം പുരസ്‌കാരം കാമില കംസ് ഔട്ട് ടുനെറ്റിലൂടെ ഇനെസ് മരിയ ബരിനേവോ നേടി. മികച്ച നവാഗത സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം ക്ലാര സോളയിലൂടെ നതാലി മെസെൻ സ്വന്തമാക്കി.
കൂഴങ്കളും ആവാസ വ്യൂഹവും രണ്ട് വീതം പുരസ്‌കാരങ്ങൾ നേടി മേളയുടെ ശ്രദ്ധാ കേന്ദ്രമായി.മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും നെറ്റ്പാക്ക് പുരസ്‌കാരവും വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൾ സ്വന്തമാക്കി. നെറ്റ്പാക്ക് പുരസ്‌കാരം (മലയാളം),ഫിപ്രസ്‌ക്രി പുരസ്‌കാരം (മലയാളം) എന്നി പുരസ്‌കാരങ്ങളാണ് കിഷൻ സംവിധാനം ചെയ്ത ആവാസവ്യൂഹത്തിന് ലഭിച്ചത്.നിഷിദ്ധോയാണ് മികച്ച മലയാള ചിത്രം.ഫിപ്രസ്‌ക്രി പുരസ്‌കാരം യു റിസംബിൾ മിയും കരസ്ഥമാക്കി.നിശാഗന്ധിയിൽ നടന്ന സമാപനച്ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം സമ്മാനിച്ചത്.
മികച്ച സിനിമകളുടെ പ്രദർശനംകൊണ്ടും സംഘാടനംകൊണ്ടും സിനിമാ ആസ്വാദകരുടെ സഹകരണംകൊണ്ടും എല്ലാം തികഞ്ഞ മേളയായിരുന്നു 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെന്ന് പുരസ്‌കാര വിതരണം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നടന്നുവരുന്ന ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള വലിയ വിജയമായിരുന്നുവെന്നും അതിൽ ചലച്ചിത്ര അക്കാദമി പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഐഎഫ് എഫ് കെ സമാപന വേദിയിൽ മുഖ്യാതിഥിയായ കഥാകൃത്ത് ടി പത്മനാഭൻ. സർക്കാർ ശ്രമിച്ചാൽ അതിന് സാധിക്കുമെന്നും അതു ചെയ്തില്ലെങ്കിൽ ഭാവികേരളം ഈ സർക്കാരിന് മാപ്പ് തരില്ലെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സിനിമാ മേഖലയിൽ നിന്നടക്കം ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഫ് എഫ് കെ വേദിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ടി പത്മനാഭന്റെ പ്രതികരണം. ചർച്ചയായതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നിയമം കൊണ്ട് വരുമെന്ന് സജി ചെറിയാനും മറുപടി നൽകി.
ഐഎഫ്എഫ് കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചതിനെ അഭിനന്ദിച്ച ടി പത്മനാഭൻ, നടിയെ ആക്രമിച്ച കേസിൽതെറ്റ് ചെയ്തവർ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രതികരിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്താൽ താരചക്രവാദികൾക്ക് അധികം കാലം വാഴാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.''ഈ വർഷത്തേത് സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന മേളയാണ്. ഉദ്ഘാടന ദിനം അപരാജിതയായ ഒരു പെൺകുട്ടിയാണ് അതിഥിയായെത്തിയത്''. പ്രദർശിപ്പിച്ചതിൽ ഏറെയും സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളാണന്നതും അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ