തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഈ വർഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. ചലച്ചിത്ര മേള നടത്തണമെന്ന് എല്ലാ ഭാഗത്ത് നിന്നും ആവശ്യം ഉയർന്നതിനെ തുടർന്നാണ് സംസ്‌കാരിക വകുപ്പ് ചെലവ് ചുരുക്കി ചലച്ചിത്ര മേള നടത്തുന്നതിനെപ്പറ്റിയുള്ള സാധ്യതകൾ തേടിയത്.

ആർഭാടം കുറച്ച് ചെലവ് ചുരുക്കി മേള നടത്തുന്നതിന്റെ മാർഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വർഷം ചലച്ചിത്ര മേള ഒഴിവാക്കാൻ മുഖ്യമന്ത്രി നേരത്തെ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.

എന്നാൽ ചലച്ചിത്ര മേള ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്ന് വിഖ്യാത സംവിധായകൻ കിംകി ഡൂക്ക് ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ചലച്ചിത്ര പ്രവർത്തകരുടെയും മറ്റും ആവശ്യമുയർന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം ഇക്കാര്യം കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നാണ് വിവരം.