തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ കൂടെപ്പിറപ്പാണ് വിവാദങ്ങൾ. ഇത്തവണ ദേശീയ പുരസ്‌കാര ജേതാവ് നടി സുരഭിക്ക് പാസ് നൽകിയില്ലൈന്ന വിവാദമാണ് രണ്ടാം ദിവസം ഉയർന്നത്. പാസ് ലഭിച്ചില്ലെന്ന് ദേശീയ പുരസ്‌കാര ജേത്രിയായ നടി സുരഭി ലക്ഷ്മി പറഞ്ഞത് ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറുമായ കമൽ വ്യക്തമാക്കി.. സുരഭിക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാൽ അത് ആരുടെയും വീട്ടിൽ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ദേശീയ പുരസ്‌കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേള. മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനുമൊക്കെ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ മേളയിൽ ആദരിച്ചിട്ടില്ലല്ലോ എന്നും കമൽ ചോദിച്ചു.

ഉദ്ഘാടനത്തിന് നടിമാരായ ഷീലയും രജിഷയും ക്ഷണപ്രകാരം വന്നവരല്ലെന്നും മത്സര വിഭാഗത്തിൽ പരിഗണിച്ച ചിത്രം മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുത്താൻ റൂൾസ് അനുവദിക്കാത്തതിനാലാണ് ' മിന്നാമിനുങ്ങ്' മേളയിൽ ഇല്ലാതെ പോയതെന്നും കമൽ കൂട്ടിച്ചേർത്തു.
ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയിൽ തന്നെയും തനിക്ക് ദേശീയ അവാർഡ് നേടിത്തന്ന മിന്നാമിനുങ്ങ് എന്ന ചിത്രത്തെയും അവഗണിച്ചുവെന്നും മേളയിലേക്കുള്ള പാസ് ലഭിക്കുന്നതിനായി സംവിധായകൻ കമലിനെ സമീപിച്ചെങ്കിലും സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞതല്ലാതെ പിന്നീട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും സുരഭി ആരോപിച്ചിരുന്നു.

അതേസമയം സുരഭിയെ വേണ്ടാത്ത ചലച്ചിതമേള തനിക്കും വേണ്ടെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

നിലപാടുകൾ:
ദേശീയ അവാർഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായെ സുരഭിയെ
വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട