തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പൊതുവിഭാഗത്തിന്റെ പാസ്സുകൾ നാലു മണിക്കൂർ കൊണ്ടു തീർന്നു. 7000 ഡെലിഗേറ്റ് പാസുകളാണ് ഈ വിഭാഗത്തിൽ അനുവദിച്ചിരുന്നത്. ഇതാണ് മണിക്കൂറുകൾക്കകം വിറ്റഴിച്ചത്.

ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് ചലച്ചിത്ര മേള നടക്കുക. നവംബർ 13 മുതൽ 15 വരെയായിരുന്നു ഡലിഗേറ്റ് റജിസ്‌ട്രേഷനുള്ള സമയം. എന്നാൽ പാസ് അനുവദിച്ചിട്ടുള്ളതിനേക്കാളും ഏറെ പേർ അക്കാദമിയുടെ വെബ്‌സൈറ്റിൽ എത്തിയതോടെ ഉച്ചയോടെ തന്നെ റജിസ്‌ട്രേഷൻ അവസാനിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള റജിസ്‌ട്രേഷനും ഇതേപോലെ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 1000 പാസുകളാണു വിദ്യാർത്ഥികൾക്കായി നൽകിയിരിക്കുന്നത്. 500 രൂപയായിരുന്നു ഫീസ്. ഡെലിഗേറ്റ് പാസിനാകട്ടെ 650 രൂപയും. കഴിഞ്ഞ വർഷം യഥാക്രമം ഇത് 300ഉം 500 രൂപയും ആയിരുന്നു.

രാവിലെ എട്ടുമണിയോടെയാണ് റജിസ്‌ട്രേഷൻ ആരംഭിച്ചത്. സാങ്കേതിക പ്രശ്‌നം കാരണം ഒരു മണിക്കൂറോളം ഇതു തടസ്സപ്പെട്ടു. പ്രശ്‌നം പരിഹരിച്ച് റജിസ്‌ട്രേഷൻ ആരംഭിച്ചെങ്കിലും വളരെ പെട്ടെന്നു തന്നെ അനുവദിച്ച പരിധിയും കടന്ന് ഡെലിഗേറ്റുകൾ എത്തുകയായിരുന്നു. തുടർന്നാണ് നിർത്തിവച്ചത്.

ചലച്ചിത്രടിവി പ്രവർത്തകർക്കും, ഫിലിം സൊസൈറ്റി പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും വരുംനാളുകളിൽ പാസ് അനുവദിക്കും. അതേസമയം ഡലിഗേറ്റുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഒരവസരം കൂടി നൽകാൻ സാധ്യതയുണ്ടെന്ന് ചലച്ചിത്ര അക്കാദമി അധികൃതർ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളിലുമായി റജിസ്‌ട്രേഷൻ പൂർത്തിയായവരുടെയും പണമടച്ചവരുടെയും ആകെ എണ്ണം പരിശോധിച്ചതിനു ശേഷമായിരിക്കും ഇതിനായുള്ള തീയതി നിശ്ചയിക്കുകയെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ അക്കാദമി ഉറപ്പു പറയുന്നില്ല.

2016ലും സമാനമായ പ്രശ്‌നം ഡെലിഗേറ്റുകൾ നേരിട്ടിരുന്നു. അന്ന് ഡലിഗേറ്റ് പാസിന് ഒൻപതിനായിരം പേരോളം രജിസ്റ്റർ ചെയ്തതിനെ തുടർന്നു റജിസ്‌ട്രേഷൻ നിർത്തിവക്കുകയായിരുന്നു. അവരിൽ നല്ലൊരു പങ്ക് പണം അടച്ചു പാസ് ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന 1000 പാസിനു വേണ്ടി അക്കാദമി ഒരു ദിവസം പ്രത്യേക അവസരം ഒരുക്കുകയായിരുന്നു. മൊത്തം 13,000 പേർക്കാണ് കഴിഞ്ഞ തവണ പാസ് നൽകിയത്. എന്നാൽ ഇത്തവണ അത് പരമാവധി 10,000 ആക്കിയിട്ടുണ്ട്. സീറ്റുകളിൽ അല്ലാതെ തിയറ്ററിനുള്ളിൽ നിന്നു കൊണ്ടു സിനിമ കാണാനാൻ തിയറ്റർ ഉടമകൾ അനുവദിക്കില്ലെന്ന് ഇത്തവണ അറിയിച്ചിട്ടുണ്ട്.

തറയിൽ ഇരുന്നോ നിന്നോ സിനിമ കാണാൻ അനുവദിക്കില്ലെന്ന് അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലും തിയറ്ററുകൾ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പാസുകളിലും നിയന്ത്രണം ഏർപ്പെടുത്തിയത്.

14 തിയറ്ററുകളിലായി ഇത്തവണ 8048 സീറ്റുകളാണുള്ളത്. പൊതുവിഭാഗത്തിൽ 7000, വിദ്യാർത്ഥികൾക്കും സിനിമ, ടിവി പ്രഫഷണലുകൾക്കും 1000 വീതം, മീഡിയയ്ക്കും ഫിലിം സൊസൈറ്റി അംഗങ്ങൾക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തിൽ ചലച്ചിത്ര സമീക്ഷയുടെ വരിക്കാർക്ക് മുൻഗണനയുണ്ട്.

അക്കാദമി ഓഫിസിലോ ഫെസ്റ്റിവൽ സെല്ലിലോ അനുവദിക്കപ്പെട്ട റജിസ്‌ട്രേഷൻ സമയത്തിനു ശേഷം പണമടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല. ഇന്റർനെറ്റ്- ഓൺലൈൻ പണമിടപാട് സൗകര്യങ്ങളില്ലാത്തവർക്ക് സംസ്ഥാനത്തെ 2700-ലേറെ അക്ഷയ കേന്ദ്രങ്ങളിൽ റജിസ്‌ട്രേഷൻ നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കൃത്രിമമായ തിരിച്ചറിയൽ രേഖകളോ സാക്ഷ്യപത്രങ്ങളോ സമർപ്പിക്കാത്തവരുടെ അപേക്ഷകൾ തള്ളപ്പെട്ടേക്കാം. പൊതുവിഭാഗത്തിന് ഓൺലൈൻ വഴി റജിസ്‌ട്രേഷൻ ഫീസ് സമർപ്പിച്ചതിനു ശേഷവും മറ്റു വിഭാഗങ്ങൾക്ക് സമർപ്പിക്കപ്പെട്ട രേഖകളുടെ പരിശോധനയ്ക്കു ശേഷവുമാണ് ഡെലിഗേറ്റ് പാസ് അനുവദിക്കുക.