തിരുവനന്തപുരം: 20 ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോസ്തവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.iffk.in ൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പണം ഓൺലൈനായോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വെബ്‌സൈറ്റിൽ നിന്ന് ചെല്ലാൻ ഡൗൺലോഡ് ചെയ്ത് ബാങ്കിന്റെ രാജ്യത്തെ ഏത് ശാഖകളിലുമായോ അടയ്ക്കാം.

ആദ്യമായി മേളയിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, തൊഴിൽ വിവരം എന്നിവ നൽകണം. ഓൺലൈനായി പണമടയ്ക്കാൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ഭിന്നശേഷിയുള്ളവർ തുടങ്ങിയവർക്ക് മേളയിൽ രജിസ്റ്റർ ചെയ്യാനായി ഹെൽപ് ഡെസ്‌കുകൾ വഴി പണമടയ്ക്കാം. 04714100320 ആണ് നമ്പർ. ശാസ്തമംഗലത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഓഫീസിലും പനവിള ഫിലിം ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിലുമാണ് ഹെൽപ് ഡെസ്‌കുകൾ. തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ വിദ്യാർത്ഥികൾക്ക് 300 രൂപയ്ക്ക് പാസ് ലഭിക്കും.

രജിസ്‌ട്രേഷനും പണമടയ്ക്കലും പൂർത്തിയാകുമ്പോൾ ഇമെയിൽവഴി അറിയിപ്പ് ലഭിക്കും. ഡെലിഗേറ്റ് പാസും കിറ്റും ഈ മാസം 30 മുതൽ ടാഗോർ തീയേറ്ററിലെ ഡെലിഗേറ്റ് സെൽ വഴി വിതരണം ചെയ്യും.