- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയ്ക്ക് സുവർണ ചകോരം; ജയരാജിന്റെ ഒറ്റാലിനു തന്നെ പ്രേക്ഷക പ്രീതിയും; മികച്ച സംവിധായകൻ റോബിൽസ് ലാന; നവാഗത പ്രതിഭ അബു ഷാഹിദ് ഇമോൺ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമയ്ക്കു സുവർണ ചകോരം. കേരളത്തിന്റെ ഇരുപതാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീഴുമ്പോൾ തലയുയർത്തി നിന്നതു ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' ആണ്. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം മാത്രമല്ലം പ്രേക്ഷകരുടെ ഇഷ്ട ചിത്രത്തിനുള്ള പുരസ്കാ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമയ്ക്കു സുവർണ ചകോരം. കേരളത്തിന്റെ ഇരുപതാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീഴുമ്പോൾ തലയുയർത്തി നിന്നതു ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' ആണ്.
മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം മാത്രമല്ലം പ്രേക്ഷകരുടെ ഇഷ്ട ചിത്രത്തിനുള്ള പുരസ്‌കാരവും ഒറ്റാൽ സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങളും ഒറ്റാലിനാണ്.
മികച്ച സംവിധായകനായി ഫിലിപ്പൈൻസ് ചിത്രം ഷാഡോ ബിഹൈൻഡ് ദ മൂണിന്റെ സ്രഷ്ടാവ് റോബിൽസ് ലാനയെ തെരഞ്ഞെടുത്തു. ജലാൽസ് സ്റ്റോറി എന്ന ബംഗ്ലാദേശി ചിത്രം ഒരുക്കിയ അബുഷാഹിദ് ഇമോണാണ് നവാഗത സംവിധായകൻ. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സനൽകുമാർ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി'ക്കു ലഭിച്ചു.
ഇത്തവണത്തെ മേളയുടെ ആജീവനാന്ത പുരസ്‌കാരം ഇറാനിയൻ സംവിധായകൻ ദാരിയൂഷ് മെഹ്‌റുയിക്കാണ്. മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ മാസ്റ്റേഴ്‌സ് അവാർഡ് കെ ജി ജോർജിനാണ്. മികച്ച തീയേറ്ററിനുള്ള അവാർഡ് ടാഗോർ തീയേറ്ററിനും ലഭിച്ചു.
ചിത്രങ്ങളുടെ പ്രദർശനം ഇന്ന് ഉച്ചയോടെ അവസാനിച്ചിരുന്നു. സർക്കാർ തിയറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവൻ എന്നിവിടങ്ങളിലായിരുന്നു ഇന്നു ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. സ്വകാര്യ തിയറ്റുകളായ രമ്യ, ധന്യ, ന്യൂ, ശ്രീകുമാർ, ശ്രീവിശാഖ് എന്നിവിടങ്ങളിലെ മേളച്ചിത്രങ്ങളുടെ പ്രദർശനം ഇന്നലെ കഴിഞ്ഞിരുന്നു.
ഇന്നു മുതൽ ഇവിടെ കൊമേഴ്‌സ്യൽ ചിത്രങ്ങൾ ഓടിത്തുടങ്ങി. മേള അവസാനദിനത്തിലേക്ക് എത്തിയതോടെ ഡെലിഗേറ്റുകളും മടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തിയവർ ഇന്നലെത്തന്നെ തിരികെപ്പോയിരുന്നു. സാധാരണ, സമാപനത്തിനു ഡെലിഗേറ്റുകളെ പങ്കെടുപ്പിക്കുന്നതാണ്. എന്നാൽ ഇത്തവണ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായി ഉദ്ഘാടനച്ചടങ്ങും സമാപനവും ചുരുക്കിയതോടെ അതിനായി നിൽക്കാതെയാണു ഡെലിഗേറ്റുകൾ മടങ്ങിയത്.
സാധാരണയിൽ നിന്നു മികച്ച രീതിയിലാണ് ഇത്തവണ മേള നടത്തിയതെന്നാണു ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ഓൺലൈൻ റിസർവേഷൻ സംവിധാനം ഉൾപ്പെടെ ഡെലിഗേറ്റുകളെ സഹായിച്ചതായാണു വിലയിരുത്തൽ.
കൂടാതെ നാൽപ്പതു ശതമാനം നോൺ റിസർവേഷൻ ആക്കിയതും ഡെലിഗേറ്റുകൾക്കു സൗകര്യമായി.
കൈരളിയിൽ നിന്നു പ്രധാന വേദി ടഗോറിലേക്കു പറിച്ചുനട്ടത് ആദ്യം ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെങ്കിലും പിന്നീട് ഈ പ്രതിസന്ധി ഒഴിവായി. മേളയിൽ മാത്രം കണ്ടു ബന്ധം പുതുക്കി മടങ്ങുന്നവർക്കു കൂടിച്ചേരലിന്റെയും വേർപിരിയലിന്റെയും ദിനമായിരുന്നു ഇന്നലെ. ഒരാഴ്ചയായി സിനിമ കണ്ടും ചർച്ച നടത്തിയും പിരിയുന്നതിന്റെ സങ്കടത്തിലും ഭൂരിപക്ഷവും ആഹ്ലാദത്തിൽ ആയിരുന്നു. മികച്ച സിനിമകൾ കണ്ടു. കൂടുതൽ സിനിമാപ്രവർത്തകരെ അടുത്തറിയാൻ സാധിച്ചു.
ബഹളവും അടിയും ഒന്നുമില്ലാതെ സിനിമകൾ കാണാൻ അവസരം ഒരുങ്ങി എന്നതാണ് ഇത്തവണത്തെ മേളയിലെ പ്രധാന മേന്മയായി ഭൂരിപക്ഷം ഡെലിഗേറ്റുകളും കാണുന്നത്. സിനിമകളിലേക്കു വഴിതുറക്കാനായി മേളയ്‌ക്കെത്തിയവർക്കും ഇതൊരു മികച്ച കളരിയായി എന്ന അഭിപ്രായമാണുള്ളത്. ഒരാഴ്ചത്തെ ആഘോഷം കഴിഞ്ഞു ഡെലിഗേറ്റുകളും മറ്റുള്ളവരും മടങ്ങുമ്പോൾ ചെറിയ രീതിയിൽ എങ്കിലും സങ്കടപ്പെടുന്നത് ഇവിടെയുള്ള ഓട്ടോക്കാരും ലോഡ്ജുകാരും ഹോട്ടലുകാരും ആയിരിക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇടതടവില്ലാതെ മേളക്കാർക്കു സൗകര്യങ്ങൾ നൽകിവന്നത് ഇവരായിരുന്നു. പല രാജ്യക്കാരുടെ സംഗമമായിരുന്ന ടാഗോർ തിയറ്റർ ഇന്നു മുതൽ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകും.