സിനിമ പ്രേമികളുടെ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ വരവിനായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാകും. ചലച്ചിത്രോ ത്സവത്തിന്റെ നാലാം ദിനമായ  ഇന്ന് ആസ്വാദകരെ കാത്തിരിക്കുന്നത് കിംകി ഡുക്ക് തരംഗം. ഹിംസയിലും രക്തച്ചൊരിച്ചിലിലുമുള്ള വന്യത വ്യാഖ്യാനിച്ച കൊറിയൻ സംവിധായകൻ കിംകി ഡ്യൂക്കിന്റെ വൺ ഓൺ വൺ ആണ് ഇന്ന് പ്രദർശനത്തിലെത്തുക.

രണ്ട് ഇന്ത്യൻ ചിത്രങ്ങൾ അടക്കം മത്സരവിഭാഗത്തിൽ ആകെ പത്ത് ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. നിലനിൽപ്പിനായി പോരാടുന്ന ആദിവാസികളുടെ കഥപറയുന്ന ദേവാശിഷ് മകീജയുടെ ഊംഗ, സിദ്ധാർത്ഥ് ശിവയുടെ സഹീർ തുടങ്ങി മത്സര വിഭാഗത്തിലെ  ഇന്ത്യൻ ചിത്രങ്ങളുടെ ആദ്യ പ്രദർശനം. പെട്ടെന്ന് കൈവന്ന പ്രശസ്തിയിൽ പകച്ചുപോകുന്ന കുടുംബത്തിന്റെ കഥ പറഞ്ഞ് മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് വാങ്ങിയ കന്നട ചിത്രം ഡിസംബർ ഒന്നുമുണ്ട് പ്രദർശനത്തിന്.

ലോകസിനിമാ വിഭാഗത്തിൽ 21 ചിത്രങ്ങളാണുള്ളത്. അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ ലെവിയാതൻ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. പ്രണയിക്കുന്ന പുരഷനോടും സ്വന്തം രാജ്യത്തോടുമുള്ള ഒരു സ്ത്രീയുടെ വിശ്വാസം വികാര തീവ്രമായി ആവിഷ്‌കരിക്കുന്ന ബിയാട്രിസിസ് വാർ കലാഭവനിലാണ് പ്രദർശിപ്പിക്കുന്നത്.

ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ബസ്റ്റർ കീറ്റൺ ചിത്രവും മിക്കലോസ് ജാങ്‌സോയുടെ ദി റൗണ്ട് അപ്പും റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നുണ്ട്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ എം പി സുകുമാരൻ നായരുടെ ജലാംശവും  പ്രദർശനത്തിനുണ്ട്.