തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിനമായി തിങ്കളാഴ്‌ച്ചയും പ്രദർശനത്തിൽ എത്തുന്നത് നിരവധി നല്ല ചിത്രങ്ങൾ. കാസർകോഡ് എൻഡോസൾഫാൻ ദുരന്തത്തെ കുറിച്ച് എടുത്ത സിനിമയായ വലിയ ചിറകുള്ള പക്ഷിയാണ് നാളെ എത്തുന്ന ചിത്രങ്ങളിൽ പ്രധാനം. കുഞ്ചാക്കോ ബോബനെ നായകനാക്കി എടുത്ത ചിത്രം ഡോ.ബിജുകുമാർ ദാമോദരനാണ് സംവിധാനം ചയ്തത്.

ഇന്ത്യയിലും കാനഡയിലുമായി ഒരു വർഷമെടുത്തു ചിത്രീകരിച്ച സിനിമ. മാരകകീടനാശിനിയുടെ ആഘാതങ്ങളെ ആ ഗ്രാമം സന്ദർശിക്കുന്ന ഒരു ഫൊട്ടോഗ്രഫറുടെ നോട്ടത്തിലൂടെ ആവിഷ്‌കരിക്കുന്നു. 113 മിനിറ്റ്ാണ് ദൈർഘ്യം. കൈരളി തീയറ്ററിൽ വൈകുന്നേരം 6.30നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഇന്ത്യാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രാജ്കഹാനിയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. ലൈംഗിക തൊഴിലാളികളുടെ ജീവിതകഥയാണ് ഈ സിനിമ പറയുന്നത്. ലൈംഗികത്തൊഴിലാളികൾ പാർക്കുന്ന ഒരു പഴയ വീട് ഇടിച്ചുനിരത്താൻ അധികൃതർ തീരുമാനിക്കുന്നു. അവിടെ ഒരു മുള്ളുവേലി നിർമ്മിക്കാനാണ്. ലൈംഗികത്തൊഴിലാളികളായ അന്തേവാസികളും വീട്ടുടമയായ സ്ത്രീയും ചേർന്നു സർക്കാർ നീക്കത്തിനെതിരെ പൊരുതുന്നതാണു സിനിമയുടെ കഥ. 155 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് മുഖർജിയാണ്. വൈകീട്ട് ശ്രീ തീയറ്ററിൽ 9.15 നാണ് സിനിമയുടെ പ്രദർശനം.

അർജന്റീന ചിത്രമായ ഈവ ഡസ്ന്റ് സ്ലീപ് എന്ന ചിത്രമാണ് വിദേശ ചിത്രങ്ങളിലെ ശ്രദ്ധേയ സിനിമ. അർജന്റീനയിലെ പ്രസിഡന്റ് ആയിരുന്ന ഹുവാൻ പെരോണിന്റെ രണ്ടാമത്തെ ഭാര്യയും നടിയുമായിരുന്ന ഈവാ പെരോൺ (യഥാർഥ പേര് മരിയ ഈവ) 1946 മുതൽ 1952 വരെ അർജന്റീനയുടെ പ്രഥമ വനിതയായിരുന്നു. ഈവ പെറോണിന്റെ മരണത്തിനുശേഷം അവരുടെ എംബാം ചെയ്ത മൃതശരീരം യൂറോപിലെ വിവിധ നഗരങ്ങളിൽ പ്രദർശനത്തിനു കൊണ്ടുപോയശേഷമാണു അർജന്റീനയിൽ സംസ്‌കരിക്കാൻ എത്തിച്ചത്. എന്നാൽ അവിടെ വച്ച് ആ മൃതദേഹം തട്ടിക്കൊണ്ടുപോയി. 85 മിനിറ്റ്. സംവിധാനം പാബ്ലോ അഗ്വിറോ. നിളയിൽ 2.30നാണ് സിനിമയുടെ പ്രദർശനം.

തുർക്കി ചിത്രമായ എന്റാംഗിൾമെന്റ് രമ്യ തീയറ്ററിൽ വൈകീട്ട് ഏഴ് മണിക്ക് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. റഷ്യൻ ചിത്രമായ ദ് ലോവർ ഡെപ്ത് ന്യൂ സ്‌ക്രീനിലും പ്രദർശിപ്പിക്കും. വൈകീട്ട് 7.00നാണ് പ്രദർശനം.