മേളയിലെ നാലാംനാളും നിറഞ്ഞ സദസിലാണ് ചിത്രങ്ങളെല്ലാം പ്രദർശിപ്പിച്ചത്. തുടക്കത്തിലുണ്ടായിരുന്ന പരാതികളും കനത്ത തിരക്കുമെല്ലാം മാറി ആദ്യമെത്തിയവർക്കെല്ലാം സീറ്റുകിട്ടി. ഇതിന് വിപരീതമായ രംഗങ്ങളുണ്ടായത് ന്യൂതിയേറ്ററിലാണ്. കിംകി ഡുക്കിന്റെ 'വൺ ഓൺ വൺ' എന്ന ചിത്രത്തിനാണ് അഭൂതപൂർവ തിരക്ക് അനുഭവപ്പെട്ടത്. വൈകിട്ട് ആറരയ്ക്കുള്ള ഈ സിനിമയ്ക്കായി നാലുമണിക്കേ നീണ്ട ക്യൂ. ഒടുവിൽ പരിഭവത്തോടെ സിനിമ കാണാനാകാതെ പലർക്കും മടങ്ങേണ്ടി വന്നു; ഇനി മൂന്ന് പ്രദർശനങ്ങൾ കൂടി ബാക്കിയുണ്ടെന്ന ആശ്വാസത്തോടെ. കലാകാരന്മാർ അവതരിപ്പിച്ച തെരുവ് നാടകങ്ങളും പാട്ടുമെല്ലാം സിനിമകാണാനെത്തിയവർക്ക് കൗതുകക്കാഴ്ചകളുമായി. മേളയിലൊട്ടാകെ ഒൻപത് വിഭാഗങ്ങളിലായി പ്രദർശിപ്പിച്ചത് 47 ചിത്രങ്ങൾ.

തിയേറ്ററിന് പുറത്തുള്ള പരിപാടികളും സജീവമായിരുന്നു. പതിവുപരിപാടികളായ മലയാളം ഫിലിം മാർക്കറ്റ്, പ്രസ്മീറ്റ്, സെമിനാർ എന്നിവ ഉയർന്ന നിലവാരം പുലർത്തി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ മാർക്കോ ബലോക്കിയോയുമായി സുരേഷ് ചാബ്രിയ നടത്തിയ മുഖാമുഖവും വ്യത്യസ്തമായ അനുഭവമായി.

മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച പത്ത് ചിത്രങ്ങളും പ്രേക്ഷക പ്രശംസനേടി. ന്യൂ തിയേറ്റർ സ്‌ക്രീൻ ഒന്നിൽ പ്രദർശിപ്പിച്ച 'ദി നാരോ ഫ്രെയിം ഓഫ് മിഡ് നൈറ്റ്' അയിച്ച എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി 21 ാം നൂറ്റാണ്ടിലെ ഇടമില്ലായ്മ അവതരിപ്പിച്ചു.
മുസ്തഫ സർവാർ ഫറൂക്കി സംവിധാനം ചെയ്ത ബംഗ്ലാദേശി ചിത്രം 'ദി ആൻഡ് സ്റ്റോറി' സിഥാർഥ് ശിവയുടെ 'സഹീർ', മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ആദ്യമായി പ്രദർശിപ്പിച്ച എംപി. സുകുമാരൻ നായരുടെ 'ജലാംശം' എന്നിവയും ശ്രദ്ധനേടി.