ലോകസിനിമയുടെ വിസ്മയക്കാഴ്ചകൾ സമ്മാനിച്ച് 19-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. പ്രതിനിധികളും മാദ്ധ്യമപ്രവർത്തകരുമുൾപ്പെടെ പതിനായിരത്തിലധികം സിനിമാ പ്രേമികൾ മേളയെ സജീവമാക്കി. 140 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ വിരുന്നൊരുക്കിയത്. ലോകസിനിമാവിഭാഗത്തിൽ 37 രാജ്യങ്ങളിൽ നിന്നായി 61 ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. ഇതിൽ 12 എണ്ണം വനിതാ സംവിധായകരുടേതായിരുന്നുവെന്നത് ശ്രദ്ധേയമായി. ഇത്തവണ നാല് ഇന്ത്യൻ ചിത്രങ്ങളുൾപ്പെടെ 14 ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിൽ.

ഇറാൻ, ബംഗ്ലാദേശ്, മെക്‌സിക്കോ, സൗത്തുകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ ചിത്രങ്ങൾവീതം പ്രദർശനത്തിനെത്തി. ഭാഷയിലും അവതരണത്തിലും പുത്തൻ പരീക്ഷണങ്ങളുമായി ഏഴ് ചിത്രങ്ങളാണ് മലയാളത്തിന്റെ സൗന്ദര്യം വിളിച്ചോതി മലയാളസിനിമ ഇന്ന് വിഭാഗത്തിൽ എത്തിയത്. ഇന്ത്യൻ സിനിമാ വിഭാഗത്തിലും ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മേളയിലൂടെ ഏഴ് ചിത്രങ്ങൾ റിലീസ് ചെയ്യുകയും ചെയ്തു.

സിനിമകൾ തീർത്ത ആരവങ്ങൾക്കപ്പുറം മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളും മുഖാമുഖവും കാണികൾക്ക് വ്യത്യസ്ത ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചത്. മേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ് പരിപാടിയും അരവിന്ദൻ അനുസ്മരണ പ്രഭാഷണവും പ്രേക്ഷകർക്ക് സിനിമയുടെ അനന്തമായ അറിവുകൾ സമ്മാനിച്ചു. രണ്ടു വർഷത്തിനുശേഷം മേളയിൽ തിരിച്ചെത്തിയ ഓപ്പൺ ഫോറം സിനിമാ പ്രവർത്തകരും പ്രേക്ഷകനും തമ്മിലുള്ള ഗൗരവമായ ചലച്ചിത്ര ചിന്തകൾക്ക് വേദിയായി. മനുഷ്യജീവിതത്തിന്റെ സ്വപ്നങ്ങളും ഒറ്റപ്പെടലും പ്രണയവും പ്രതികാരവും സമ്മേളിച്ച യുവസംവിധായകരുടെ ചിത്രങ്ങൾ കാണികൾ നെഞ്ചേറ്റി സ്വീകരിക്കുന്ന കാഴ്ചയ്ക്കും ഈ മേള സാക്ഷിയായി.

സിനിമയെ വികാരവിനിമയത്തിനുള്ള മാദ്ധ്യമമാക്കിമാറ്റിയ ഒരുകൂട്ടം വനിതാസംവിധായകരുടെ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. തന്റെരാഷ്ട്രീയിലപാട് പ്രഖ്യാപിക്കാനുള്ള മാദ്ധ്യമമായി സിനിമയെ കണ്ട തലാഹദീദിന്റെ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' ഇറാനിയൻ സംവിധായികയും എഴുത്തികുരിയായ നർഗീസ് അബിയാറിന്റെ ട്രാക് 143 എന്നീ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധയാകർഷിച്ചു. പ്രായഭേദമെന്യേ പതിനായിരത്തിലധികം പ്രതിനിധികൾ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ 11 തിയേറ്ററുകളിൽ ആർത്തലച്ചെത്തിയപ്പോൾ അനന്തപുരിയുടെ ഓരോ ശ്വാസനിശ്വാസത്തിനും നല്ല സിനിമയുടെ ഗന്ധമായിരുന്നു. ചലച്ചിത്ര മേള കൊടിയിറങ്ങുമ്പോൾ ഏവർക്കും പറയുന്നത് ഒന്ന് മാത്രം. മികച്ച സിനിമകൾ കൊണ്ട് സമ്പന്നമായിരുന്നു 19-ാമത് ചലച്ചിത്ര മേള.