തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ വേദി മാറ്റിയെങ്കിലും ഡെലിഗേറ്റുകളുടെ പ്രതിഷേധത്തിന്റെ വേദിയിൽ മാത്രം മാറ്റിമില്ല. ഡെലിഗേറ്റുകൾ എന്തിനും പ്രതിഷേധിക്കാൻ എത്തുന്നത് കൈരളി തീയറ്ററിന് മുമ്പിലാണ്. അക്കാദമിക്കാർ മുഖ്യവേദി എങ്ങോട്ടുവേണോ മാറ്റട്ടെ. പക്ഷേ, കൈരളിയുടെ പടിക്കെട്ട് വിട്ട് ഞങ്ങളില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

മേളയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ശബ്ദവും കൂട്ടായ്മയും ഇപ്പോഴും കൈരളിയിലെ പടിക്കെട്ടിൽതന്നെയാണ്. മുൻ വർഷങ്ങളിൽ മുഖ്യവേദിയായിരുന്നു കൈരളി. എന്നാൽ, ഇത്തവണ മേളയെ ടാഗോറിലേക്ക് പറിച്ചുനടുകയായിരുന്നു. ഫെസ്റ്റിവൽ ഓഫിസും ഡെലിഗേറ്റ് സെല്ലുമെല്ലാം ടാഗോറിൽ സജ്ജീകരിച്ചു. ഇതിൽ പലർക്കും അമർഷമുണ്ട്. അതുകൊണ്ടുതന്നെ അധികൃതർ കൈവിട്ടാലും കൈരളിയെ പ്രതിനിധികൾ കൈവിടരുതെന്നാണ് ഒരുപക്ഷത്തിന്റെ അഭിപ്രായം.

മേളയുടെ രണ്ടാം ദിവസം വിഴിഞ്ഞം പദ്ധതിക്കെതിരെയായിരുന്നു കൈരളിയിലെ പ്രതിഷേധം. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചത്. ഇവരുടെ ചുവടുപിടിച്ച് ഉദ്ഘാടനദിവസം മേളയിലെ ഭൂരിഭാഗംപ്രതിനിധികളെയും തഴഞ്ഞതിൽ പ്രതിഷേധിച്ചും ഒരുവിഭാഗവും രംഗത്തത്തെിയിരുന്നു.