തിരുവനന്തപുരം: 21-ാമത് കേരള അന്താരാഷ്ര്ട ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും. അടുത്തമാസം ഒൻപതു മുതൽ 16 വരെ നടക്കുന്ന മേളയിൽ വിവിധ പാക്കേജുകളിലായി 180 ഓളം ചിത്രങ്ങളാണു പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ മേളയിലെ സിനിമകളുടെ പ്രധാന ആശയം കുടിയേറ്റമാണ്. വിദ്യാർത്ഥികൾക്ക് 300 രൂപയും പ്രതിനിധികൾക്ക് 500 രൂപയുമാണു ഡെലിഗേറ്റ് ഫീസ്. 25 നു രജിസ്‌ട്രേഷൻ സമാപിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

13,000 പാസുകൾ മാത്രമേ മേളയിൽ വിതരണം ചെയ്യൂ. പാസുകൾ അവശേഷിക്കുകയാണെങ്കിൽ 26നു 700 രൂപ നിരക്കിൽ രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് 26 നുശേഷം ഇളവ് അനുവദിക്കില്ല. WWW.IFFK.IN എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. നിശാഗന്ധിയിലാണ് ഉദ്ഘാടന, സമാപന ചടങ്ങുകൾ നടക്കുക. ഉദ്ഘാടന ചിത്രം കാണാൻ ആദ്യമത്തെുന്ന 2500 പേർക്കു മാത്രമാണ് അവസരം.

ഇത്തവണ മേളയിൽ ഭിന്നലിംഗക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. പാസിനുള്ള അപേക്ഷഫോമിൽ ഇവർക്കായി പ്രത്യേകകോളമുണ്ട്.