തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സിനിമ ഏതാണ്? ബാലനാണോ അതോ വിഗതകുമാരൻ ആണോ? കമൽ എന്ന സംവിധായകൻ പൃഥ്വിരാജിനെ നായകനാക്കി എടുത്ത സെല്ലുലോയ്ഡ് എന്ന സിനിമ പറഞ്ഞ കഥ വിഗതകുമാരനെ കുറിച്ചായിരുന്നു. ഈ നിശബ്ദ ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ സിനിമയെന്നതാണ് കമൽ സിനിമയിലൂടെയു അല്ലാതെയും വാദിച്ച കാര്യം. ഈ ചരിത്രത്തെ അദ്ദേഹത്തിന്റെ നേതൃത്വം കൊടുക്കുന്ന സംസ്ഥാന ചലച്ചിത്ര മേള തള്ളിപ്പറയുകയാണ്. 22ാം ഐഎഫ്എഫ്‌കെ പറയുന്നത് മലയാള സിനിമാ ചരിത്രം തുടങ്ങുന്നത് ബാലൻ എന്ന സിനിമയോടെ തന്നയാണെന്നാണ്. കമൽ തന്നെ ചലച്ചിത്ര അക്കാദമി ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറും ആയിരിക്കേയാണ് വിഗതകുമാരന് ഈ കടുത്ത അവഗണന നേരിടേണ്ടി വരുന്നത് എന്നതാണ് അതീവ ദാരുണമായ കാര്യം.

ഐഎഫ്എഫ്‌കെക്കായി പുറത്തിറക്കിയ സിഗ്നേച്ചർ ഫിലിമിലാണ് വിഗതകുമാരൻ പുറത്തായത്. 90 തികഞ്ഞ മലയാള സിനിമയുടെ വളർച്ച അടയാളപ്പെടുത്തുന്ന ചിത്രത്തിലാണ് ആദ്യ ചിത്രമായ വിഗതകുമാരൻ പടിക്ക് പുറത്തായത്. നാലു വർഷം മുമ്പ് വിഗതകുമാരനേയും സംവിധായകനായ ജെ സി ഡാനിയേലിനേയും അവഗണിച്ചതിൽ പ്രതിഷേധിച്ച് സെല്ലുലോയ്ഡ് എന്ന ബയോഗ്രഫിക്കൽ ചിത്രം പ്രദർശിപ്പിക്കാതിരുന്ന സംവിധായകനാണ് കമൽ. അദ്ദേഹം അക്കാദമി ചെയർമാനായ വേളയിലാണ് ചരിത്രത്തെ നിഷേധിക്കുന്ന കാര്യം വീണ്ടും ആവർത്തിക്കപ്പെടുന്നത്. ചരിത്രത്തെ നിഷേധിക്കുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ തന്ത്രമാണ് കമൽ ഇപ്പോഴും നടപ്പാക്കുന്നത് എന്നതും ലജ്ജാകരമായ കാര്യമാണെന്ന ആക്ഷേപവും ശക്തമായി ഉയർന്നുകഴിഞ്ഞു.

ചലച്ചിത്ര മേളയ്ക്കായി തയ്യാറാക്കിയ സിഗ്നേച്ചർ ചിത്രത്തിൽ ഒരു കടവരാന്തയിൽ ബാലന്റ് പോസ്റ്റർ കാണുന്നതും. ഈ പോസ്റ്റർ മാറി തുടർച്ചയായി മറ്റ് പോസ്റ്ററുകൾ ഒരു കുട്ടിയെത്തി പതിപ്പിക്കുന്ന വിധത്തിലാണ്. സിഗ്നേച്ചർ ഫിലിമിലെ പോസ്റ്ററിൽ കാണുന്നത് ആദ്യ മലയാള ചിത്രം ബാലൻ എന്നാണ്. ഇവിടെ വിഗതകുമാരന്റെ കാര്യം മനപ്പൂർവ്വം അവഗണിക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പഴയകാല പോസ്റ്ററൊന്നും കാണാനുമില്ല. മലയാള സിനിമയുടെ മാറ്റം അടയാളപ്പെടുത്തുന്ന ചിത്രമെന്ന വിധത്തിലാണ് സിഗ്നേച്ചർ ഫിലിം തയ്യാറാക്കിയിരിക്കുന്നത്. 90 വയസുള്ള മലയാള സിനിമയുടെ ചരിത്രം എന്ന് കൃത്യമായി വെളിപ്പെടുമ്പോൾ തന്നെയാണ് ജെ സി ഡാനിയേൽ എന്ന മഹാനെയും അദ്ദേഹത്തിന്റെ സിനിമാ ദൗത്യത്തെയും വീണ്ടും പടിക്ക് പുറത്തു നിർത്തുന്നത്.

ടി കെ രാജീവ് കുമാറാണ് ഈ സിഗ്നേച്ചർ ഫിലിം തയ്യാറാക്കിയത്. കമൽ സെല്ലുലോയിഡ് എടുത്ത സംവിധായകനാണെന്നിരിക്കെ എന്തുകൊണ്ടാണ് ഇത്തമൊരു ഗുരുതരമായ പിഴവ് തിരുത്താൻ അദ്ദേഹം തയ്യാറാകാത്തതെന്ന ചോദ്യം ഉയരുന്നുണ്ട്. നാല് വർഷം മുമ്പ് ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രമായ ബാലനെ അടിസ്ഥാനമാക്കി മലയാള സിനിമയ്ക്ക് 75 വയസാണെന്ന ചലച്ചിത്ര അക്കാദമിയുടെ നിലപാടിൽ പ്രതിഷേധിച്ച് തന്റെ ചിത്രമായ സെല്ലുലോയ്ഡ് മേളയിൽ പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞ സംവിധായകനാണ് കമൽ. ഇപ്പോൾ മലയാള സിനിമയുടെ വയസ് സിഗ്നേച്ചർ ഫിലിമിൽ 90 ആക്കിയെങ്കിലും വിഗതകുമാരൻ പടിക്ക് പുറത്തായി.

വിഗതകുമാരനെ ചൊല്ലിയുള്ള തർക്കത്തിൽ ചരിത്രം അറിയില്ലെങ്കിൽ സാംസ്കാരിക- സിനിമാ മന്ത്രി രാജിവെക്കണമെന്ന ആവശ്യവും മുമ്പ് കമൽ ഉന്നയിച്ചിരുന്നു. അങ്ങനെയുള്ള കർശ നിലപാട് സ്വീകരിച്ച കമൽ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുമ്പോഴാണ് ഇത്തരമൊരു ചരിത്ര നിഷേധവും ഉണ്ടായിരിക്കുന്നതും. ഇത് സ്വന്തം കുഞ്ഞിനെ തള്ളിപ്പറയുന്ന നിലപാടാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ കമൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

1928 ൽ ജെ.സി ഡാനിയൽ ഒരുക്കിയ വിഗതകുമാരൻ എന്ന നിശബ്ദ സിനിമയുടെ പിറവിയുമായി ബന്ധപ്പെട്ട കഥയാണ് സെല്ലുലോയിഡ് എന്ന സിനിമയിൽ പറഞ്ഞിരുന്നത്. എന്നാൽ വിഗതകുമാരൻ നിശബ്ദ സിനിമയായതിനാൽ ആദ്യ സിനിമയായി കണക്കാക്കാനാകില്ലെന്നും പത്തു വർഷത്തിനു ശേഷം പുറത്തിറങ്ങിയ ശബ്ദ സിനിമയായ ബാലൻ ആദ്യ സിനിമയായി കാണണമെന്നുമാണ് അക്കാലത്ത് വാദം ഉയർന്നത്. ഇതിന് അനുകൂലമായി ചലച്ചിത്ര അക്കാദമിയും നിലപാട് സ്വീകരിച്ചതോടെയാണ് അന്ന് കമൽ ഉടക്കുമായി എത്തിയത്.

ഇപ്പോൾ ഫെസിറ്റിവലിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമിൽ മലയാള സിനിമക്ക് 90 വയസു തികഞ്ഞുവെന്ന് പറയുമ്പോൾ തീർച്ചയായും കാണിക്കേണ്ടത് വിഗതകുമാരനെ കുറിച്ചുള്ള ചിത്രമോ പോസ്റ്ററോ ആയിരുന്നു. എന്നാൽ, ടി കെ രാജീവ്കുമാർ എന്തുകൊണ്ടാണ് വിഗതകുമാരനെ കുറിച്ച് പരാമർശിക്കാതെ പോയതെന്നതും ദുരൂഹമായി തുടരുന്നു. അക്കാദമിക്കുള്ളിലെ അധികാര തർക്കമാണോ ഇതിലേക്ക് ഇടയാക്കിയതെന്ന കാര്യവും അറിവില്ല.