തിരുവനന്തപുരം: 20ാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. ഇനി എട്ടുദിനങ്ങൾ ദൃശ്യവിസ്മയങ്ങളും ബൗദ്ധികാവിഷ്‌കാരങ്ങളുമായി അനന്തപുരി നിറയും. കനകക്കുന്ന് നിശാഗന്ധിയിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാരംഭിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും.

തുടർന്ന് തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈൻ സംഗീത വിരുന്നൊരുക്കും. ഇറാനിയൻ സംവിധായകൻ ദയിറുഷ് മെഹർജുയിയെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും. വോൾഫ്; ടോട്ടം ആണ് ഉദ്ഘാടന ചിത്രം.

മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, കെ.സി.ജോസഫ്, മേയർ വി.കെ. പ്രശാന്ത്, കെ. മുരളീധരൻ എംഎ‍ൽഎ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ ടി. രാജീവ്‌നാഥ്, മേള ഉപദേശക സമിതി ചെയർമാൻ ഷാജി എൻ. കരുൺ, സെക്രട്ടറി എസ്. രാജേന്ദൻ നായർ, ജൂറി ചെയർമാൻ ജൂലിയോ ബ്രെസ്‌നെ തുടങ്ങിയവർ സംസാരിക്കും. ഫെസ്റ്റിവൽ ബുക്ക്, പ്രതിദിന ബുള്ളറ്റിൻ, ഐ.എഫ്.എഫ്‌കെ സുവനീർ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്യും.

ക്ഷണിതാക്കൾക്കും മാദ്ധ്യമങ്ങൾക്കും മാത്രമാണ് പ്രവേശനമുള്ളത്. പ്രതിനിധികൾക്ക് ടാഗോർ, കൈരളി തിയേറ്ററുകളിൽ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ കാണാം. തുടർന്ന് സിനിമാ പ്രദർശനവും ഉണ്ടായിരിക്കും. 13 തിയേറ്ററുകളിലായി 64 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, മാസ്റ്റർ ക്ലാസ് എന്നീ പരിപാടികൾക്കു പുറമേ അരവിന്ദൻ സ്മാരക പ്രഭാഷണവും പാനൽ ചർച്ചകളും സെമിനാറുകളും മേളയിലുണ്ടാകും. ടാഗോർ തിയേറ്ററും മസ്‌കറ്റ് ഹോട്ടലുമാണ് ഇതിനുള്ള വേദികൾ.