തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം നാളും സമരമയം. ശ്രേഷ്ഠ മലയാളത്തെ ആദരിക്കണമെന്നാവശ്യപ്പെട്ടു ഒരു കൂട്ടരും ചുംബനസമരത്തിനു പിന്തുണയുമായി മറ്റൊരു സംഘവും ഇന്ന് മേളയുടെ വേദിയിലെത്തി.

വിദേശ ഭാഷാ സിനിമകൾക്കു മലയാളാം സബ്‌ടൈറ്റിൽ നൽകണമെന്നാവശ്യപ്പെട്ടു കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയാണു കൈരളി തിയേറ്ററിനു മുന്നിൽ സമരമവുമായെത്തിയത്. ലോക സിനിമയിൽ മലയാളത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും മേള ജനീകമാക്കുന്നതിനും മലയാളം സബ്‌ടൈറ്റിൽ നൽകണമെന്നാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ ആവശ്യം.

കാൻ ചലച്ചിത്രമേളയിൽ ഫ്രഞ്ചിൽ സബ് ടൈറ്റിൽ നൽകുന്നുണ്ട്. വെനീസിലെ മേളയിൽ എല്ലാ സിനിമകൾക്കും ഇറ്റാലിയൻ ഭാഷയിൽ സബ് ടൈറ്റിൽ നൽകുന്നു. പിന്നെ ഇവിടെ മലയാളം കൊടുത്താൽ എന്താ കുഴപ്പമെന്നാണ് സമരക്കാരുടെ ചോദ്യം.

ചുംബന സമരത്തിനെ അനുകൂലിച്ചു നടന്ന തെരുവുനാടകവും മേളാവേദിയിൽ ശ്രദ്ധയാകർഷിച്ചു. ചുംബിക്കാതെയും കൂക്കുവിളിക്കാതെയും നടന്ന ഈ സമരത്തിനു ഏറെ കൈയടിയും ലഭിച്ചു. കഴിഞ്ഞ ദിവസം കൈരളി തിയേറ്ററിനു മുന്നിൽ നടന്ന ചുംബന സമരം സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു. പൊലിസ് ഇടപെട്ടാണു സമരക്കാരെ പിരിച്ചുവിട്ടത്. ഇന്നുരാവിലെ തിയറ്റർ പരിസരത്തുകൊച്ചിയിലെ ചുംബന സമരത്തിനു നേതൃത്വം നൽകിയ രാഹുൽ പശുപാലനും രശ്മിയുമൊക്കെ എത്തിയിരുന്നു. ഹൈദരാബാദിലെ സമരത്തിനു നേതൃത്വം നൽകിയ അവതാരക അരുന്ധതിയും എത്തിയിരുന്നു. ഇന്നും സമരം കൊഴുക്കുമെന്നു കരുതി തടിച്ചുകൂടിയ ജനങ്ങൾക്കു മുന്നിൽ അപ്രതീക്ഷിതമായി ആയിരുന്നു ലഘുനാടകം അരങ്ങേറിയത്.

സെറ്റും കർട്ടണുമൊന്നുമില്ലാതെ നടന്ന നാടകത്തിന്റെ ചുവടുപിടിച്ച് തങ്ങൾക്കു പറയാനുള്ള കാര്യങ്ങളെല്ലാം ചുംബന സമരക്കാർ പറഞ്ഞു. ചുംബനമില്ല പകരം പകരം നെടുനീളൻ ഡയലോഗുകൾ. ചുംബന സമരത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെയും കളിയാക്കി കൂകിവിളിക്കുന്നവരെയും ഒളിഞ്ഞുനിന്നു ക്യാമറയിൽ പകർത്തുന്നവരെയുമൊക്കെ കണക്കിനു പരിഹസിച്ചു. നിറഞ്ഞ കൈയടിയോടെയാണ് സമരം അവസാനിച്ചത്.