തിരുവനന്തപുരം: ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയ്ക്ക് സ്ഥിരം വേദി വേണമെന്ന ആവശ്യം വളരെ വർഷങ്ങളായി സിനിമാപ്രേമികൾ ഉന്നയിക്കുന്നുണ്ട്. പക്ഷേ അതിനുവേണ്ടി ബജറ്റിൽ തുക വകയിരുത്താനെങ്കിലും കഴിഞ്ഞത് ഈ എൽഡിഎഫ് സർക്കാരിനു മാത്രമാണ്.

അമ്പതു കോടി രൂപയാണ് പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക് ഫിലിം ഫെസ്റ്റിവൽ സ്ഥിരം വേദിക്കുവേണ്ടി നീക്കിവച്ചത്. ഇതോടെ ചലച്ചിത്രമേളയ്ക്ക് സ്ഥലം കണ്ടെത്തിക്കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ചില മുഖ്യധാരാമാദ്ധ്യമങ്ങൾ. ആക്കുളം കായലിന്റെ തീരത്തെ അഞ്ചേക്കർ ഭൂമി ഇതിനായി പരിഗണിക്കുന്നുവെന്ന് ഒരു പത്രം എഴുതി. ടെക്‌നോപാർക്കിലെ ഭൂമി പരിഗണിക്കുന്നുവെന്ന് മറ്റൊരു പ്രമുഖ പത്രം എഴുതി.

എന്നാൽ ഇവിടെയൊന്നുമല്ല സർക്കാരും ചലച്ചിത്ര അക്കാദമിയും ഭൂമി തിരയുന്നത്. തലസ്ഥാന നഗരഹൃദയത്തിൽ എവിടെയെങ്കിലും ഭൂമി ലഭ്യമാകുമോ എന്നാണ് നോട്ടം. കവടിയാറിൽ ജവഹർ ബാലഭവൻ പ്രവർത്തിക്കുന്ന ഭൂമിയായിരുന്നു കഴിഞ്ഞ സർക്കാർ നോട്ടമിട്ടത്. എന്നാൽ സ്ഥലപരിമിതികാരണം യുഡിഎഫ് സർക്കാർ ഈ സ്ഥലം ഉപേക്ഷിച്ചു. പുതിയ എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നതോടെ ഐഎഫ്എഫ്‌കെയെ തലസ്ഥാന നഗരത്തിൽതന്നെ ഉറപ്പിച്ചു നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്.

കവടിയാർ കൊട്ടാരത്തിനു സമീപത്തുള്ള മൂന്നേകാൽ ഏക്കർ ഭൂമിയാണ് എൽഡിഎഫ് സർക്കാർ നോട്ടമിട്ടിരിക്കുന്നത്. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. സാംസ്‌കാരിക വകുപ്പും റവന്യുവകുപ്പും ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ഭൂമി വിട്ടുകൊടുക്കാമെന്നാണ് റവന്യൂവകുപ്പിന്റെ നിലപാട്. പക്ഷേ ചില സാങ്കേതിക പ്രശ്‌നങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ്- ഫ്‌ളാറ്റ് മാഫിയകൾ സൃഷ്ടിക്കുന്ന കുരുക്കുകളാണ് സർക്കാരിനു തലവേദന സൃഷ്ടിക്കുന്നത്. എന്നാൽ അത്തരം ശക്തികളെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.അതു യാഥാർത്ഥ്യമായാൽ നഗരഹൃദയത്തിൽത്തന്നെ ചലച്ചിത്രമേളയ്ക്ക് സ്ഥിരംവേദിയൊരുങ്ങും.

മറ്റ് നഗരങ്ങളിലേക്ക് ഐഎഫ്എഫ്‌കെ മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലേക്ക് വർഷാവർഷം മേളയെ മാറ്റി മാറ്റി പ്രദർശിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ തിരുവനന്തപുരംപോലെ ഇത്രയും സൗകര്യങ്ങൾ ഒത്തുവരുന്ന ഒരു നഗരം മറ്റൊന്നില്ല എന്ന കാഴ്ചപ്പാടിലാണ് ചലച്ചിത്ര അക്കാദമിയും സർക്കാരുകളും.

കേരളത്തിന്റെ ടൂറിസം മേഖലയ്ക്കുകൂടി പ്രധാനപ്പെട്ട വരുമാന മാർഗമാണ് ഐഎഫ്എഫ്‌കെ. അന്താരാഷ്ട്ര ചലച്ചിത്രോത്സവ കലണ്ടറിലും ഐഎഫ്എഫ്‌കെ ഇടംപിടിച്ചിട്ടുണ്ട്. അഞ്ചു കിലോമീറ്ററിനുള്ളിൽ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, അന്തർസംസ്ഥാന ബസ് സ്റ്റേഷൻ, വിശാലമായ താമസസൗകര്യങ്ങൾ, കൂടാതെ ഒരു കിലോമീറ്ററിനുള്ളിൽ പത്തിലേറെ തീയറ്ററുകൾ എന്നിവയും തിരുവനന്തപുരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്.