മെൽബൺ: ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ മെൽബണിലെ ഓസ്ട്രേലിയൻ ലൈറ്റ് ഫൗണ്ടേഷനിൽ വിപുലമായി ഇഫ്താർ സംഗമം നടത്തി.

ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേർ പങ്കെടുത്ത പരിപാടി ഫിലിം മേക്കർ അവാർഡ് ജേതാവും ബ്ലു പിന്റ് ഫിലിം ഡയറക്ടറുമായ റൂബൻ സ്ട്രീറ്റ് ആദ്യ സെക്ഷൻ ഉദ്ഘാടനം ചെയ്തു. കടുത്ത നിരീശ്വരവാദിയായിരുന്ന താൻ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ചു അദ്ദേഹം സദസുമായി പങ്കുവച്ചു.
ക്രൈസ്തവ വിശ്വാസികളും ഇസ്ലാം മത വിശ്വാസികളും തമ്മിൽ ഒരുപാട് സാദൃശ്യമുണ്ടെന്നും ഇരു മത വിശ്വാസികളും പൂർവ പ്രവാചകരെ വിശ്വസിക്കുന്നു എന്നതും ഗബ്രിയേൽ മാലാഖ വഴിയാണ് ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി മറിയത്തോട് പറഞ്ഞതും പ്രവാചകൻ മുഹമ്മദിന് ദൈവിക സന്ദേശം കിട്ടിയതും ഈ മാലാഖ വഴിയാണ് എന്നു വിശ്വസിക്കുന്നതുമാണ് ഈ സാദൃശ്യത്തിനു നിദാനമെന്നു ഇഫ്താർ സംഗമത്തിനു ആശംസ നേർന്നുകൊണ്ട് മെൽബൺ രൂപത ബിഷപ് മാർ ബോസ്‌കോ പുത്തൂർ പറഞ്ഞു.

ആമിയ പ്രസിഡന്റ് അബ്ദുൾ ജലീൽ, റംസാൻ ഒരു ഓർമപെടുത്തൽ എന്ന വിഷയത്തിൽ കബീർ മുഹമ്മദ്, ഡോ. നസീർ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. തുടർന്നു പെൺകുട്ടികളുടെ നശീദോടുകൂടി രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു. താൻ എവിടെനിന്നു വന്നു എന്നും മരണാനന്തരം തനിക്കെന്ത് സംഭവിക്കുന്നു എന്നും ഓരോരുത്തരും ചിന്തിക്കണമെന്നും അതിനുള്ള അദ്ധ്യാപനങ്ങളാണ് ഇസ്ലാമിലൂടെ പഠിക്കുന്നതെന്നും സ്പ്രിങ് വേൽ മിനറേറ്റ് കോളജ് ഇസ്ലാമിക് കോളജ് അദ്ധ്യാപകനായ ഉമർ മർസൂഖ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

വിന്ധാം കൗൺസിൽ മേയർ ഗൗതം ഗുപ്ത, മെൽബൺ മലയാളി ഫെഡറേഷൻ പ്രസിഡന്റ് അജി പുനലൂർ, ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് എം. ജോർജ്, കേരള ഹിന്ദു സൊസൈറ്റി മെൽബൺ പ്രദീപ് ചന്ദ്ര, ഷിയാഫർ ബഷീർ എന്നിവർ സംസാരിച്ചു. വിക്ടോറിയ പൊലീസിനെ പ്രതിനിധീകരിച്ച് സീനിയർ സർജന്റ് മെഗാൻ ഡോബ്സ്, വിക്ടോറിയ ലീഡിങ് സീനിയർ കോൺസ്റ്റബിൾ ദിനേഷ് നൊട്ടൂർ, കോൺസ്റ്റബിൾ മുഹമ്മദ് സല എന്നിവർ പങ്കെടുത്തു. ഡോ. ഷെരീഫ് കല്ലട പരിപാടി നിയന്ത്രിച്ചു.