ഫുജൈറ: വരുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പല വൻ മരങ്ങളും കട പുഴകുകയും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങുകയും ചെയ്യുമെന്നതാണ് കേരളത്തിലെ നിലവിലെ സ്ഥിതിവിശേഷമെന്ന് തവനൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഇഫ്തികാർ അലി ഫുജൈറയിൽ പറഞ്ഞു. 

തവനൂരിലും മാറ്റമുണ്ടാവുമെന്നു ഉറപ്പാണ്. കഴിഞ്ഞ 5 വർഷത്തെ ഉമ്മർചാണ്ടി സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങളുടെ മെരിറ്റ് തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നത് അത് പൂർണ്ണമായും യു ഡി എഫിന്റെ തിരിച്ചു വരവിനു കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഫുജൈറ തവനൂർ നിയോജകമണ്ഡലം യു ഡി എഫ് കൺവൻഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇബ്രാഹീം മൂതൂർ, കെ എം സി സി നേതാക്കളായ യൂസഫ് മാസ്റ്റർ, സി കെ അബൂബക്കർ, ഇൻകാസ് നേതാക്കളായ ഷാജി പെരുമ്പിലാവ്, നാസർ പാണ്ടിക്കാട, തുടങ്ങിയവർ സംസാരിച്ചു. കൽബയിലും അദ്ദേഹം പ്രവാസി മലയാളികളെ നേരിൽ കണ്ടു വിജയത്തിന് സഹായം അഭ്യർത്ഥിച്ചു.