- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ക്ലബ്ബിൽ മോൻസണും ഇടനിലക്കാരിയും കൂടിക്കാഴ്ച നടത്തി; ആന്ധ്രാക്കാരിയെ തട്ടിപ്പുകാരന് പരിചയപ്പെടുത്തിയതും ഐജി! ലക്ഷ്യമിട്ടത് ബൈബിളും ഗണേശ വിഗ്രഹവും ഖുർ ആനും രത്നങ്ങളും വിറ്റ് കാശുണ്ടാക്കാൻ; തെളിവായി വാട്സാപ്പ് ചാറ്റുകൾ; ലക്ഷ്മണ എഡിജിപിയാകില്ല; ഐജിയെ സസ്പെന്റ് ചെയ്തു; ലക്ഷ്മണ കേസിൽ പ്രതിയാകും
കൊച്ചി: ഐജി ലക്ഷ്മണയെ കുടുക്കിലാക്കി കൂടുതൽ തെളിവുകൾ പുറത്ത്. ഇതോടെ മോൻസൺ മാവുങ്കൽ വിഷയത്തിൽ ഐജിയ്ക്കെതിരെ നടപടി ഉറപ്പായി. മോൻസൻ മാവുങ്കലിന് പുരാവസ്തു വിൽക്കുന്നതിന് ഐജി ലക്ഷ്മൺ ഇടനിലക്കാരനായി നിന്നുവെന്നതിനാണ് തെളിവ് പുറത്തു വരുന്നത്. ഇതോടെ പുരാവസ്തുക്കൾ വിൽപ്പനയ്ക്ക് ശ്രമിച്ചില്ലെന്ന മോൻസണിന്റെ വാദവും പൊളിയുകയാണ്. ലക്ഷ്മണയെ സർവ്വീസിൽ നിന്ന് സർക്കാർ സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രി സസ്പെൻഷൻ ഫയലിൽ ഒപ്പിട്ടു.
തെലങ്കാന സ്വദേശിയായ ലക്ഷ്മൺ നിലവിൽ പൊലീസ് ആസ്ഥാനത്തു ട്രാഫിക്കിന്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതലയുള്ള ഐജിയാണ്. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് വിവാദം പുതിയ തലത്തിൽ എത്തുന്നത്. ആന്ധ്ര സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തിക്കൊടുത്തതും ഐജിയാണ്. പൊലീസ് ക്ലബ്ബിൽ വച്ച് മൂന്നു പേരും കൂടിക്കാഴ്ച നടത്തി. ഇതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. ഇതിൽ വാട്സാപ് ചാറ്റുകളുമുണ്ട്. ബൈബിൾ, ഗണേശ വിഗ്രഹം, ഖുർ ആൻ, രത്നങ്ങൾ എന്നിവ ഇവർ വിൽക്കാൻ ശ്രമിച്ചു.
മോൻസൻ മാവുങ്കലിനെ ഐജി ഗോഗുലത്ത് ലക്ഷ്മൺ വഴിവിട്ടു സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തലുണ്ട്. ഐജിക്കെതിരെ നടപടിക്കും ശുപാർശ ചെയ്തുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയടക്കം ഒട്ടേറെ പൊലീസുകാർക്കു മോൻസനുമായി പരിചയമുണ്ടെങ്കിലും വഴിവിട്ട ഇടപാടു കണ്ടെത്തിയിരിക്കുന്നത് ഐജിക്കെതിരെ മാത്രമാണ്. തട്ടിപ്പു കേസിൽ ഐജിയെ പ്രതിയാക്കാനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ.
ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇതുകൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്
മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നാണ് മൊഴിയും ഉണ്ട്. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇതുകൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്.
മോൻസനെതിരെ ആലപ്പുഴ എസ്പി നടത്തിയ അന്വേഷണത്തിൽ, ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇടപെട്ട ലക്ഷ്മൺ കേസിന്റെ അന്വേഷണച്ചുമതല ചേർത്തല സിഐക്കു മാറ്റി നൽകിയിരുന്നു. ഇതിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും ലക്ഷ്മൺ പിന്നെയും മോൻസനുമായി വഴിവിട്ട ഇടപാടുകൾ തുടർന്നതായാണു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. തട്ടിപ്പ് ഐജി അറിഞ്ഞിരുന്നതായും സംശയമുണ്ട്. മോൻസണിനെ അറസ്റ്റ് ചെയ്യുന്നത് മകളുടെ വിവാഹ നിശ്ചയത്തിനിടെയാണ്. ഇവിടേയും ഐജി അതിഥിയായി എത്തിയിരുന്നു.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ തെറ്റുപറ്റിയെന്ന വിശദീകരണം ഐജി നൽകിയെങ്കിലും ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തില്ല. ഇതോടെയാണു നടപടിക്കു ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയത്. ലക്ഷ്മൺ ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ അന്തിമ തീരുമാനം പുറത്തു വന്നു.
കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത്ത് നൽകിയ ഹർജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. മോൻസനെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോൻസനും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണത്തിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയിൽ ഡിജിപി അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ