തുലാമാസ പൂജകൾക്കായി നടതുറന്ന അഞ്ചുമാസവും ശബരിമലയും സന്നിധാനവും പമ്പയും മാത്രമല്ല നിലയ്ക്കലും ഇലവുങ്കൽ പോലും സംഘർഷഭരിതമായിരുന്നു. ഒരു കാരണവശാലും ആചാരങ്ങൾ തെറ്റിച്ചുകൊണ്ട് യുവതികളെ ശബരിമല ചവിട്ടാൻ സമ്മതിക്കുകയില്ലെന്ന വാശിയിൽ ഒരു വിഭാഗം ഭക്ത ജനങ്ങൾ സൃഷ്ടിച്ച പ്രതിരോധമായിരുന്നു അതിന്റെ കാരണം. എന്നാൽ സർക്കാരാകട്ടെ അവിശ്വാസികളേയും നിരീശ്വരവാദികളേയും അന്വ മതസ്ഥരേയും ഇറക്കിയാണെങ്കിൽ കൂടി ശബരിമലയിൽ യുവതികളെ എത്തിക്കും എന്ന വാശിയിലുമായിരുന്നു. ആ വാശിക്കിടയിൽ കഴിഞ്ഞ അഞ്ചു ദിവസം കേരള പൊലീസ് അനുഭവിച്ചത് വലിയ യാതനയും വേദനയുമായിരുന്നു. ശബരിമലയിൽ പ്രവേശിക്കണം എന്ന കോടതി വിധിയുള്ളതുകൊണ്ട് ഞങ്ങൾ വന്നിരിക്കുന്നുവെന്ന് പറയുമ്പോൾ അവരെ ശബരിമലയിൽ എത്തിക്കേണ്ട ഉത്തരവാദിത്വം ഒരു ഭാഗത്ത്. ജനക്കൂട്ടത്തിന്റെ അസാധാരണമായ ശക്തി മറ്റൊരു ഭാഗത്ത്.

സർക്കാരിന്റെയും പുരോഗമന വാദികളുയേും സമ്മർദ്ദം ഒരു ഭാഗത്ത്. ആർഎസ്എസ് പോലുള്ള സംഘടനകളുടെ സമ്മർദ്ദം വേറൊരു ഭാഗത്ത്. ഇതിനിടയിൽ സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും കല്ലെറിഞ്ഞും ഒക്കെ പൊലീസ് നേരിട്ട സ്ഥിതി വേദനാജനകമായിരുന്നു. ശബരിമലപോലെ ഒരു തീർത്ഥാടന കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം ഏറെ ഖേദകരവും നിരാശാ ജനകവുമായ അഞ്ചു ദിവസങ്ങളായിരുന്നു അത്. അഞ്ചു ദിവസത്തെ ആരവങ്ങളൊഴിയുമ്പോൾ എല്ലാവരുടേയും മനസിൽ മായാതെ നിൽക്കുന്ന രണ്ട് രൂപങ്ങളുണ്ട്. ഒന്ന് ശബരിമലയുടെ ചുമതലക്കാരനായ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ കണ്ണു നീരും മറ്റൊന്ന് പേരുപോലുമറിയാത്ത തമിഴ്‌നാട്ടുകാരനായ അയ്യപ്പഭക്തന്റെ കണ്ഠമിടറിയുള്ള അപേക്ഷയുമാണ്. ആദ്യത്തേത് ശ്രീജിത്തിന്റെത് തന്നെയാണ്. കഴിഞ്ഞ ദിവസം രഹന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ ഒരു മുസ്ലിം നാമധാരിയായ നിരീശ്വര വാദിയായ യുവതിയെ ശബരിമലയിലേക്ക് 180 പൊലീസുകാരുടെ പിന്തുണയോടുകൂടി ആനയിക്കേണ്ടി വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ, അല്ല ഭക്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മനോ വിഷമമായിരുന്നു.

ആദ്യ ദിവസം തന്നെ അത് റിപ്പോർട്ട് ചെയ്തപ്പോൾ ഞങ്ങൾ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ശ്രീജിത്ത് എന്ന അതിഭക്തനായ ഐപിഎസ് ഓഫീസറെ സംബന്ധിച്ചിടത്തോളം സർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുക എന്ന ധർമ്മവും അതേ സമയം ഭഗവാന്റെ ഉത്തരവിനെതിര അല്ലെങ്കിൽ ഭഗവാന്റെ ആചാരങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലെ പ്രതിസന്ധിയും അന്നേ ആ മുഖത്തുണ്ടായിരുന്നു. സന്നിധാനത്തിന് മുൻപ് നടപ്പന്തലിലെത്തിയ ശേഷം ശ്രീജിത്ത് ആരോടോ ടെലിഫോണിൽ സംസാരിക്കാൻ പോയപ്പോഴേ വ്യക്തമായിരുന്നു ഇനി ഒരടി മുൻപോട്ട് പോകാൻ ശ്രീജിത്തിന് സാധിക്കുകയില്ലെന്ന്. ഇന്ന് ശബരിമല നടയിൽ അയ്യപ്പഭഗവാന്റെ മുന്നിൽ കണ്ണുനീരോടു കൂടി ശ്രീജിത്ത് പ്രാർത്ഥിക്കുന്ന വീഡിയോയും ഫോട്ടോയും പുറത്ത് വരുമ്പോൾ ആ വാദം ശരിവയ്ക്കുകയാണ്.

ഭക്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശബരിമലയിലെ ആചാരങ്ങളോട് ലംഘിക്കുന്നത് വിയോജിക്കുമ്പോഴും സർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം കാണിച്ചതിന്റെ തെളിവായി അത് മാറുകയാണ്. ഒരു ഐപിഎസ് ഓഫീസറെ അതും ഐജി പദവിയിലുള്ള ഐപിഎസ് ഓഫീസറെ ഇത്തരം ദയനീയമായ ഒരു സാഹചര്യത്തിലേക്ക് സർക്കാർ തള്ളിവിട്ടു എന്ന് വേണം പറയാൻ. ഐജി ശ്രീജിത്തിനെ വ്യക്തിപരമായി അറിയാവുന്ന മാധ്യമപ്രവർത്തകനാണ് ഞാൻ. എത്ര തിരക്കുണ്ടെങ്കിലും മാസത്തിൽ ഒരിക്കലെങ്കിലും മൂകാംബികാ ദേവിയുടെ സന്നിധിയിൽ പോയി സാഷ്ടാംഗം പ്രണമിച്ചും പ്രാർത്ഥിച്ചും ജീവിതത്തെ നേരിടുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന് സർക്കാൻ ഇറക്കിയ ഉത്തരവ് നടപ്പിലാക്കേണ്ടി വന്ന ബാധ്യതയിൽ നിന്നായിരിക്കാം ഇന്ന് കണ്ണുനീർ പൊഴിച്ചത്.