ന്യൂഡൽഹി: ഒക്ടോബറിൽ മാലദ്വീപിൽ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിൽ ഇടം നേടി. യുവതാരങ്ങളായ യാസിർ മുഹമ്മദ്, ലിസ്റ്റൺ കൊലാകൊ, മൻവീർ സിങ് തുടങ്ങിയവരും ടീമിലുണ്ട്.

ചാമ്പ്യൻഷിപ്പ് ഒക്ടോബർ ഒന്നു മുതലാണ് തുടങ്ങുക. ഒക്ടോബർ 16-നാണ് ഫൈനൽ. ഇന്ത്യയേയും ആതിഥേയരായ മാലദ്വീപിനേയും കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ മൂന്നു ടീമുകൾ മാത്രമേ ഇത്തവണ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുള്ളു. ഭൂട്ടാൻ പിന്മാറി. സസ്പെൻഷൻ നേരിടുന്ന പാക്കിസ്ഥാനും ടൂർണമെന്റിൽ ഉണ്ടാകില്ല.

കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തോളം സാഫ് കപ്പ് നീട്ടിവെക്കുകയായിരുന്നു. ഇത്തവണ ബയോ ബബ്ൾ സുരക്ഷാ സംവിധാനത്തിലായിരിക്കും ടൂർണമെന്റ് നടക്കുക. 2018-ൽ ബംഗ്ലാദേശിൽ നടന്ന അവസാന സാഫ് കപ്പിൽ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തി മാലദ്വീപാണ് കിരീടം നേടിയത്.

ഇന്ത്യൻ ടീം

ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കെയ്ത.

പ്രതിരോധ താരങ്ങൾ: പ്രീതം കോട്ടൽ, സെറിറ്റൺ ഫെർണാണ്ടസ്, ചിങ്ലെൻസാന സിങ്, രാഹുൽ ബെക്കെ, സുഭാശിഷ് ബോസ്, മന്ദർ റാവു ദേശായ്

മധ്യനിര താരങ്ങൾ: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലെന്മാവിയ, അനിരുദ്ധ് താപ്പ, സഹൽ അബ്ദുസമദ്, ജീക്‌സൺ സിങ്, ഗ്ലാൻ മാർട്ടിൻസ്, സുരേഷ് സിഭങ് വാങ്ജാം, ലിസ്റ്റൺ കൊളാകൊ, യാസിർ മുഹമ്മദ്

മുന്നേറ്റതാരം: മൻവീർ സിങ്, റഹീം അലി, സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി

ഇന്ത്യയുടെ മത്സര ക്രമം

ഒക്ടോബർ 4: ബംഗ്ലാദേശ് X ഇന്ത്യ ((IST4.30pm )
ഒക്ടോബർ 7: ഇന്ത്യ X ശ്രീലങ്ക ((IST4.30pm )
ഒക്ടോബർ 10: നേപ്പാൾ X ഇന്ത്യ ((IST4.30pm )
ഒക്ടോബർ 13: ഇന്ത്യ X മാലദ്വീപ് ((IST4.30pm )