കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ ഇസ്‌ലാം ഖുർആൻ പ്രവാചകൻ എന്ന പ്രമേയത്തിൽ നടത്തുന്ന ത്രൈമാസ ക്യാംപയിനിന്റെ തുടക്കവും ഇഫ്ത്വാർ സ്‌നേഹ സംഗമും മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ചു.

റമളാൻ മുതൽ ദുൽഖഅദ് വരെയാണ് ക്യാംപയിൻ. പ്രബഞ്ച സ്രഷ്ടാവായ ദൈവത്തെ അറിയുകയും അവനിൽ പ്രതീക്ഷയർപ്പിക്കുകയും നിയമവ്യവസ്ഥകൾ പാലിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുമ്പോഴാണ് മനസ്സമാധാനവും സ്വസ്തയും കൈവരിക്കാൻ സാധിക്കൂവെന്ന് ഇസ്‌ലാം ഖുർആൻ പ്രവാചകൻ എന്ന വിഷയത്തിൽ സംസാരിച്ച അബ്ദുൽ അസീസ് സലഫി പറഞ്ഞു.

ലോകർക്ക് ദൈവികമായ ഒരു മതം, ദൈവത്തിൽ നിന്ന് അന്യൂനമായ ഏക ഗ്രന്ഥം, അത് ജീവിതത്തിലൂടെ മാതൃക കാണിക്കാനായി ദൈവം നിയോഗിച്ച മനുഷ്യനായ ഒരു ദൈവദൂതൻ ഇത്രയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെന്ന് സലഫി വിശദീകരിച്ചു.

വിശ്വാസ സ്വഭാവ സാംസ്‌കാരിക രംഗങ്ങളിൽ വരാവുന്ന ജീർണതകൾ, സാമ്പത്തിക രംഗത്തെ ചൂഷണങ്ങൾ, ബന്ധങ്ങളിലുള്ള താളപ്പിഴവുകൾ തുടങ്ങിയ ദോഷങ്ങളിൽ നിന്ന് രക്ഷപ്പെടാനും അതിലൂടെ ദൈവിക വിശ്വാസം ഊട്ടിയുറപ്പിക്കാനും നോമ്പിലൂടെ സാധ്യമാകുമെന്ന് റമളാനിന്റെ സന്ദേശം എന്ന വിഷയത്തിൽ സംസാരിച്ച മൗലവി അബ്ദുന്നാസർ മുട്ടിൽ പറഞ്ഞു.

സംഗമത്തിൽ രഘുനാഥൻ നായർ, ഐ.ഐ.സി ചെയർമാൻ എം ടി മുഹമ്മദ്, എം.എ ഹിലാൽ (ടയോട്ട), ഹംസ പയ്യനൂർ (കെ.കെ.എം.എ), ബഷീർ ബാത്ത (കെ.എം.സി.സി), പി.പി ജുനൂബ് (മാദ്ധ്യമം), ഇസ്മയിൽ പയ്യോളി (റിപ്പോർട്ടർ), മുഷ്താഖ് നിറമരതൂർ (ചന്ദ്രിക), അനിൽ പി. അലക്‌സ് (മംഗളം), ബാപ്പുജി, ജോണി (തനിമ), പ്രതീപ്, ശാം പൈനമൂട് (കല), മുഹമ്മദ് റാഫി, ഖലീൽ അടൂർ, സാദിഖലി (എം.ഇ.എസ്), ജോയ് മുണ്ടകാടൻ (കുട), മുഹമ്മദ് റിയാസ് (അയനം), സത്താർ കുന്നിൽ (ഇ ചാലകം), സിദ്ധീഖ് വലിയകത്ത് (ഐ.എം.എ) തുടങ്ങി പ്രമുഖർ പങ്കെടുത്തു.
ഐ.ഐ.സി പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഔക്കാഫ് സെക്രട്ടറി പി.വി അബ്ദുൽ വഹാബ്, വൈസ് ചെയർമാൻ സിദ്ധീഖ് മദനി, ട്രഷറർ മുഹമ്മദ് ബേബി, എഞ്ചി. സി.കെ. അബ്ദുല്ലത്തീഫ്, എൻ.കെ റഹീം, അയ്യൂബ് ഖാൻ പരിപാടികൾ നിയന്ത്രിച്ചു.

യൂ.പി മുഹമ്മദ് ആമിർ സ്വാഗതവും നജീബ് സ്വലാഹി നന്ദിയും പറഞ്ഞു. അഹ്മദ് ശഹീർ ഖിറാഅത്ത് നടത്തി. സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്ത്വാറിൽ പങ്കെടുത്തു.