കുവൈത്ത്: ലോക സൂഫി സമ്മേളനത്തിൽ ഇസ്ലാമുമായി ബന്ധപ്പെട്ട് പ്രാധാനമന്ത്രി നരേന്ത്ര മോദി നടത്തിയിട്ടുള്ള പ്രസ്താവന ശ്രദ്ധേയവും വ്യാപകമായി ചർച്ച ചെയ്യപ്പേടേണ്ടതുമാണെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി അൻവർ സാദത്ത് എന്നിവർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ഇസ്ലാം സമാധാനമാണെന്നും ഒരു നിരപരാധിയെ കൊന്നാൽ ലോകത്തുള്ള മനുഷ്യരെ മുഴുവൻ കൊന്നതിന് തുല്ല്യമാണെന്നും മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്നുമുള്ള വിശുദ്ധ ഖുർആനിന്റെ അടിസ്ഥാന സന്ദേശവും സമകാലിക മുസ്ലിം സമൂഹങ്ങളുടെ ഏറ്റവും വലിയ പ്രചരണ മുദ്രാവാക്യങ്ങളുമായ ആശയങ്ങളുമാണ് പ്രധാനമന്ത്രി സമ്മേളനത്തിൽ ഓർമ്മപ്പെടുത്തിയിട്ടുള്ളത്. ഏകമായ സത്യത്തെ വിവിധ രൂപത്തിൽ സമീപിക്കുന്നതിന്റെ വൈവിധ്യങ്ങളാണ് മതങ്ങളെന്ന് നേരത്തെ പാർലമെന്റിലും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

മനുഷ്യ സമൂഹത്തിലെ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഏകതയെ ബോധ്യപ്പെടുത്തുന്ന വേദ സംഹിതകളിലെ സന്ദേശങ്ങൾ വ്യാപകമായി ബോധവത്കരണം നടത്തേണ്ടതുണ്ട്. മനുഷ്യരെല്ലാം ഏക സമുദായമായിരുന്നു എന്ന ഖുർആനിന്റെയും ബൈബിളിന്റെയും പ്രഖ്യാപനം തന്നെയാണ് ബസുദൈവ കുടുംബകം എന്ന ഭാരതീയ വേദ സംസ്‌കാര സന്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ തിരിച്ചറിവിനനുസൃതമായ തുടർ നടപടികൾ രാജ്യത്തെ ന്യൂനപക്ഷ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മുംബൈയിൽ നടന്നതുപോലെ പള്ളിയിൽ കയറി പ്രകോപനമുണ്ടാക്കലും കാലികളെ വിറ്റതിന്റെ പേരിൽ നിഷ്ഠൂരമായി കൊന്ന് കെട്ടി തൂക്കലും ഇറച്ചി സൂക്ഷിച്ചതിന്റെ പേരിൽ വീട് കയറി അക്രമിച്ച് കൊലപ്പെടുത്തലും ഹൈന്ദവ സംസ്‌കാരത്തിന്റെ നന്മകളെ വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. ഹൈന്ദവ സംസ്‌കാരത്തിന്റെ പേരിൽ കാട്ടാളത്തരങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സംഘ് അണികൾ ഇസ്ലാമിന്റെ പേരിൽ ഐ.എസ് പോലുള്ള നിഗൂഢ ശക്തികൾ നടത്തികൊണ്ടിരിക്കുന്ന കാടത്തരങ്ങൾക്ക് തുല്ല്യമായ പ്രവൃത്തിയാണ് നിർവ്വഹിച്ചുവരുന്നത്.

രാജ്യത്തെ പ്രധാനമന്ത്രി തിരിച്ചറിഞ്ഞുട്ടുള്ള യാഥാർത്ഥ്യങ്ങൾ ആർ.എസ്സ്.എസ്സ് നേതൃത്വത്തിന് സ്വീകാര്യമാണോ എന്നറിയാൻ ജനാതിപത്യ സമൂഹങ്ങൾക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവന മുഖവിലക്കെടുക്കാൻ സംഘ് നേതൃത്വവും അണികളും തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയുടെ മഹത്തായ സഹിഷ്ണുതയുടെ പാരമ്പര്യത്തെ കൊന്ന് കുഴിച്ച് മൂടുന്നതുപോലെയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

ഇസ്ലാമിന്റെ പേരിൽ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ മുസ്ലിം കൂട്ടായ്മകൾ നടത്തിവരുന്ന ശ്രമകരമായ ബോധവത്കരണങ്ങളെ ദുർബലപ്പെടുത്തുന്നതാണ് രാജ്യത്ത് സംഘ് അണികൾ നടത്തികൊണ്ടിരിക്കുന്ന അരാജകത്വങ്ങളെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.

അധികാരങ്ങളുടെ ശ്രീകോവിലിൽ മുട്ടിഴഞ്ഞ് സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനപ്പുറം രാജ്യത്തെ മുസ്ലിം സമൂഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കെതിരെ നടപടികൾ സ്വീകരിപ്പിക്കാൻ സാധിക്കുന്നിടത്ത് മാത്രമേ സൂഫി സമ്മേളനം പ്രസക്തമാവൂ എന്നും അല്ലാത്തപക്ഷം ഒറ്റുകാരന്റെ വേഷമായിരിക്കും സൂഫി സമ്മേളനത്തിന് പിന്നിലുള്ളവർക്കെന്നും പ്രസ്താവന തുടർന്നു.

സൂഫി സ്ത്രീകൾ ഹിജാബിനും താടിക്കുമെതിരെ നടത്തിയിട്ടുള്ള പ്രസ്താവനയിൽ കാന്തപുരത്തിന്റെ അഭിപ്രായം അറിയാൻ കേരള മുസ്ലിങ്ങൾക്ക് താൽപര്യമുണ്ടെന്നും ഇസ്ലാഹി സെന്റർ അഭിപ്രായപ്പെട്ടു.