കുവൈത്ത് : ഇസ്ലാമിക സംഘടനകൾ മതപരമായ വിഷയങ്ങൾ പ്രചരിപ്പിക്കുവാനും ഇസ്ലാമിന്റെ താൽപര്യം സംരക്ഷിക്കുവാനും വേണ്ടിയായിരിക്കണമെന്ന് ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പ്രവർത്തക സമിതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക സമൂഹം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന സമകാലീന സാഹചര്യത്തിൽ ഇസ്ലാമിന്റെ താൽപര്യം സംരക്ഷിക്കുവാനും മുസ്ലീങ്ങളിൽ സംസ്‌കരണ ചിന്ത വളർത്തുവാനും മുസ്ലിം സംഘടനകൾ ശ്രദ്ധിക്കണം. മുസ്ലിം സംഘടകൾ ഒരിക്കലും ജാതീയമായോ കക്ഷിത്വത്തിന്റെ പേരിലോ പരസ്പരം കലഹിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാത്തതാണ്. പരസ്പരം സഹകരിച്ചും കഴിയുന്നത്ര യോജിച്ചും പ്രവർത്തിക്കുവാൻ നമ്മുക്ക് സാധിക്കണം.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ തൗഹീദിന്റെ പ്രചരണത്തിനുവേണ്ടി ആ ആദർശം ഉൾകൊള്ളുന്നവർ ഒന്നിച്ച് പ്രവർത്തിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആത്മീയ ചൂഷണങ്ങളും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് യഥാർത്ഥ മതത്തെ കുറിച്ചുള്ള വിദ്യാഭ്യാസം നൽകാൻ മുജാഹിദ് പ്രസ്ഥാനം ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. ഡോ. ഹുസൈൻ മടവൂർ വിശദീകരിച്ചു.

സംഗമത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, അബ്ദുൽ അസീസ് സലഫി, വി.എ മൊയ്തുണ്ണി, സിദ്ധീഖ് മദനി, എഞ്ചി. ഉമ്മർ കുട്ടി, പി.വി അബ്ദുൽ വഹാബ്, യൂനുസ് സലീം, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. സി.കെ അബ്ദുൽ ലത്തീഫ് ഖിറാഅത്ത് നടത്തി.