കുവൈത്ത് : നന്മനിറഞ്ഞ വ്യക്തിയാണ് നല്ല കുടുംബത്തിന്റെ അടിത്തറയെന്ന് ഐ.എസ്.എം വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര സമിതി ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിത സംഗമത്തിൽ മുഖ്യപ്രഭാണം നടത്തുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന് രൂപം നൽകുന്ന വ്യക്തിയുടെ ചിന്തയും കർമ്മവും ദൈവഭയത്തിൽ അധിഷ്ഠിതമാവണം എന്നതാണ് ഇസ്ലാമിന്റെ ആദ്യശാസന. ന?യുടെ നിറവിൽ ജീവിക്കുന്ന കുടുംബങ്ങളാണ് നല്ല സമൂഹത്തിന് പിറവി നൽകുന്നത്. ഹുസൈൻ കോയ വിശദീകരിച്ചു.

ദമ്പതികൾക്കിടയിൽ നിലനിൽക്കുന്ന സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും കരുണയുടെയും വികാരങ്ങളാണ് വിവാഹ ജീവിതത്തിന് ഈടുപകരുന്നതെന്ന് 'നല്ല കുടുംബം' എന്ന വിഷയത്തിൽ ക്ലാസെടുത്ത ഡോ. ജസ്ല സഫറുൽ ഹഖ് സൂചിപ്പിച്ചു. അന്തഃസംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കിടയിലും കഴിയേണ്ടിവരുന്ന പുരുഷന് സാന്ത്വനത്തിന്റെ വാക്കും ആശ്വാസത്തിന്റെ താങ്ങും സ്‌നേഹത്തിന്റെ നോക്കും നൽകി ജീവിതം ആസ്വാദ്യമധുരമാക്കാൻ കഴിയുക സ്ത്രീകൾക്കാണെന്ന് ഡോ. ജസ്ല പറഞ്ഞു.

വെളിച്ചം പരീക്ഷയിൽ വിജയിച്ച ഡോ. ജസ്ലയ്ക്കുള്ള സമ്മാനം ബേബി അബൂബക്കർ സിദ്ധീഖ് നൽകി. റുബീന അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സാജിദ അബ്ദുൽ മുനീബ് സ്വാഗതവും മാഷിദ മനാഫ് നന്ദിയും പറഞ്ഞു. സിയാന ശുഐബ് ഖിറാഅത്ത് നടത്തി.