ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല കലാ സാംസ്കാരിക സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (ഐഐഒ) 10-ാമത് ഓണാഘോഷവും ദശാബ്ദിയാഘോഷവും വളരെ വിപുലവും വൈവിദ്ധ്യപൂർവ്വവുമായ പരിപാടികളോടെ  പ്രൗഢഗംഭീരമായി നടന്നു. ബൂമോണ്ടിലെ സെന്റ് ഫ്രിയാക്രാസ് സ്‌ക്കൂളിൽ രാവിലെ 11.30 ന് കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങളോടെ ആരംഭിച്ച ഓണാഘോഷം രാത്രി 8.30ന് സമ്മാനദാനത്തോടെ സമാപിച്ചു. ലിസ ബിജു പള്ളിക്കരയുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച സാംസ്കാരിക പരിപാടിയിൽ ട്രിസ ദേവസി മുഖ്യാതിഥിയായ പ്രവാസികാര്യ തൊഴിൽ വകുപ്പ് മന്ത്രി റിച്ചാർഡ് ബർട്ടനെ സദസ്യർക്ക് പരിചയപ്പെടുത്തി. നെസ്സൻ പോൾ ഹൃദ്യമായ സ്വാഗതമേകിയതോടെ സാംസ്കാരിക പരിപാടികളുടെ തിരശ്ശീല ഉയർന്നു.

ഐഐഒ പ്രസിഡന്റ് റെജി ചാണ്ടി അദ്ധ്യക്ഷത വഹിച്ച യോഗം മന്ത്രി റിച്ചാർഡ് ബർട്ടൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഐഐഒ മുൻ പ്രസിഡന്റ് അജീഷ് ചെറിയാൻ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ ഉപഹാരം മന്ത്രിക്ക് കൈമാറി. ദീപ ലിസ്സോ കൃതജ്ഞത പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും റോയൽ കാറ്ററിങ്‌സ് മുപ്പതിനം വിഭവങ്ങളുമായി വിളമ്പിയ ഓണസദ്യയും സോൾ ബീറ്റ്‌സ് ദ്രോഗഡയുടെ ഗാനമേളയും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. തുടർന്ന് ചേർന്ന ജനറൽ ബോഡിയിൽ ബോബി മാറാട്ടുകുളത്തെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്ത പ്രധാന പരിപാടിയായ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 9 ന് ശനിയാഴ്ച സംഘടിപ്പിക്കാനും തീരുമാനമായി. തുടർന്നും എല്ലാ അംഗങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് പുതിയ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രാത്രി 8.30 വരെ നീണ്ടുനിന്ന ആഘോഷപരിപാടിയുടെ ഇടയിൽ വൈകുന്നേരം കപ്പ ബിരിയാണി നൽകി സംഘാടകർ മികച്ചതാക്കി. ഒത്തൊരുമയായി ഏറെദൂരം മുന്നോട്ട് പോകുവാൻ ഐഐഒയ്ക്കും നിയുക്ത പ്രസിഡന്റിനും പുതിയ ഭാരവാഹികൾക്കും കഴിയട്ടെയെന്ന് സ്ഥാപക പ്രസിഡന്റ് ലിങ്‌വിൻ സ്റ്റാർ, മുൻ പ്രസിഡന്റുമാരായ അജീഷ് ചെറിയാൻ, റെജി ചാണ്ടി എന്നിവർ ആശംസകളേകി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും പ്രോഗ്രാം കോർഡിനേറ്റർമാരായ ജോബി ജോസും, സോണി ജോസഫും നന്ദി രേഖപ്പെടുത്തി.