കോഴിക്കോട്: ഇഖ്‌റ ആശുപത്രിയിൽ പ്രസവ ശേഷം യുവതി മരിച്ച സംഭവത്തിൽ കാരണക്കാരായ ജീവനക്കാർക്കെതിരെ മാനേജ്‌മെന്റ് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കല്ലുള്ള പറമ്പത്ത് ദിബിഷയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

രണ്ടാമത്തെ പ്രസവത്തിനായി വട്ടോളി കല്ലുള്ളപറമ്പത്ത് ദിനേശന്റെ മകൾ ദിബിഷയെ ഓഗസ്റ്റ് 27 നാണ് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28 ന് ഉച്ചയ്ക്ക് 1.45 ന് സിസേറിയൻ കഴിയുകയും അമ്മയ്ക്കും കുഞ്ഞിനും യാതൊരു വിധ കുഴപ്പവുമില്ലെന്ന് ഡോക്ടർ നേരിട്ട് ബന്ധുക്കളെ അറിയിക്കുകയും ചെയ്തതാണ്. തുടർന്ന് ദിബിഷ കുട്ടിക്ക് മുലയൂട്ടുകയും അമ്മയോട് സംസാരിക്കുകയും ചെയ്തു. വൈകീട്ട് അമ്മ കുഞ്ഞുമായി ഐ സിയുവിലേക്ക് ചെന്നപ്പോൾ ഇപ്പോൾ പാലു കൊടുക്കാൻ കഴിയില്ലെന്നും മരുന്നു വെക്കുകയാണെന്നുമാണ് ജീവനക്കാർ അറിയിച്ചത്.

പത്തു മിനുട്ടോളം കാത്തിരുന്നിട്ടും മറുപടിയൊന്നും ഇല്ലാതായപ്പോൾ ജീവനക്കാരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിട്ടാണ് ദിബിഷയുടെ അച്ഛനെ വിളിച്ചു വരുത്തിയത്. അച്ഛൻ വന്ന് ചോദിച്ചപ്പോഴാണ് ദിബിഷയ്ക്ക് ബി പി കുറവാണെന്ന് പറയുന്നത്. തുടർന്ന് അച്ഛൻ നോക്കിയപ്പോൾ ദിബിഷ അനക്കമില്ലാതെ കിടക്കുകയായിരുന്നു. സ്റ്റാഫുകളുടെ പരിഭ്രാന്തി കണ്ട് അച്ഛൻ ബന്ധുക്കളെ വിവരം അറിയിച്ചു. അവസ്ഥ മോശമായ ദിബിഷയെ നോക്കാൻ ഡോക്ടർ രാത്രി എട്ടു മണിക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിയത്. ഇത്രയും നേരം പുറത്തു നിന്നിരുന്ന ബന്ധുക്കൾക്ക് യാതൊരു വിവരവും ഇവരാരും നൽകിയിരുന്നില്ല.

ബന്ധുക്കൾ ചോദ്യം ചെയ്തതിനെത്തുടർന്ന് രാത്രി പത്തു മണിക്ക് ശേഷമാണ് ദിബിഷയുടെ മരണ വിവരം പുറത്തുവിടുന്നത്. ബോഡി പോസ്റ്റുമോർട്ടം കഴിഞ്ഞ് മെഡിക്കൽ കോളെജിൽ നിന്ന് പുറത്തിറക്കിയ ശേഷമാണ് ആംബുലൻസ് ഡ്രൈവർ ബന്ധുക്കളെ ഒരു കവർ ഏൽപ്പിക്കുന്നത്. ആ കവറിൽ ദിബിഷയുടെ യൂട്രെസ്സാണ് എന്ന് ബന്ധുക്കൾക്ക് അപ്പോഴാണ് മനസ്സിലാകുന്നത്. തുടർന്ന് നടക്കാവ് പൊലീസിലും കലക്ടർക്കും ഡി എം ഒയ്ക്കും പരാതി നൽകി. ദിബിഷയുടെ യൂട്രെസ് എട്ടു മണിക്കൂറിന് ശേഷം ഓപ്പറേഷൻ ചെയ്യുമ്പോൾ ബന്ധുക്കളോട് യാതൊരുവിധ സമ്മതപത്രമോ വാക്കാലുള്ള സമ്മതമോ വാങ്ങിയിരുന്നില്ല.

ഓപ്പറേഷൻ ചെയ്ത ഡോക്ടറുടെയും അനസ്‌തേഷ്യ നൽകിയ ഡോക്ടറുടെയും മറ്റു സ്റ്റാഫുകളുടെയും അനാസ്ഥയും അശ്രദ്ധയും കാരണമാണ് മരണം സംഭവിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. മരണത്തിന് കാരണമായ ജീവനക്കാർക്കെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സമിതി രൂപീകരിച്ച് അന്വേഷണം നടത്താെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മരണം നടന്ന് ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് മാനേജ്‌മെന്റ് അന്വേഷണം നടത്താൻ പോലും തീരുമാനിച്ചത്. കേസ് നടക്കാവ് പൊലീസ് അന്വേഷിച്ചുവരികയാണ്. എ സി പിയുടെ നിർദ്ദേശ പ്രകാരം അന്വേഷണത്തിനായി ഡി എം ഒ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെ കുടുംബത്തെ വിളിച്ച് എല്ലാ നടപടികളും ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കമ്മിറ്റി ചെയർമാൻ കെ പി കരുണാകരൻ, കൺവീനർ എം ശ്രീധരൻ, കെ പി ഷൈജു, സി കെ വിഷ്ണു എന്നിവർ അറിയിച്ചു.

ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ജെഡിടി ഇസ്ലാം ഓർഫനേജ് കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇഖ്‌റ ആശുപത്രിയിലേക്ക് നാളെ യുവമോർച്ച മാർച്ച്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയുടെ അനാസ്ഥ മൂലം പ്രസവ ശേഷം യുവതി മരിച്ച സംഭവത്തിൽ മാനേജ്‌മെന്റിനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലാൻ വേണ്ടിയോ ഇഖ്‌റ ഹോസ്പപിറ്റൽ എന്ന മുദ്രാവാക്യമുയർത്തി യുവമോർച്ച ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്.

കുറ്റ്യാടി, പട്ടോളി കല്ലുള്ളപറമ്പത്ത് എം പി അനീഷിന്റെ ഭാര്യ ദിബിഷ (30) ആണ് ഓഗസ്റ്റ് 28 ശനിയാഴ്ച മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ സിസേറിയൻ കഴിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചിരുന്നു. പ്രസവ ശേഷം രണ്ടു തവണ ദിബിഷ കുഞ്ഞിന്റെ അടുത്തെത്തി പാൽ നൽകിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നാമത്തെ തവണ പാൽ നൽകാൻ എത്തിയപ്പോഴാണ് ബിപി കുറവാണെന്നും കുറച്ചുനേരം കഴിയട്ടെ എന്നും പറയുന്നത്. അതിനുശേഷം രാത്രിയോടെ മരണവാർത്തയാണ് തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

അതിനിടക്ക് സംഭവിച്ച കാര്യങ്ങൾ ഒന്നും ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ലായിരുന്നു. മരണകാരണം ചോദിച്ചപ്പോഴാണ് ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ചതാണെന്ന് ആശുപത്രി അധികൃതർ പറയുന്നത്. മരണത്തിനു മുമ്പായി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യൂട്രസ് റിമൂവ് ചെയ്തതും മരണശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. ഇത്തരത്തിൽ ഒരു സർജറി ചെയ്യുമ്പോൾ ബന്ധുക്കളെ അറിയിക്കണമെന്ന കടമ പോലും ആശുപത്രി അധികൃതർ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ബന്ധുക്കൾ നടക്കാവ് പൊലീസിലും കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

ഇതേ സമയം ഇഖ്‌റ ആശുപത്രിയെ തകർക്കാനുള്ള ബിജെപി ശ്രമത്തെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ രംഗത്തെത്തിയിട്ടുണ്ട്. ഇഖ്‌റ ഹോസ്പിറ്റലിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉയർത്തി തകർക്കാനുള്ള ബിജെപി ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി പറഞ്ഞു. യുവമോർച്ച ഇഖ്‌റഅ ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തുന്നത് സംഘർഷമുണ്ടാക്കാനാണ്. കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ആയി പ്രവർത്തിക്കുന്ന ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയാണ്. ചികിത്സ ചെലവ് താങ്ങാൻ കഴിയാത്ത പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമായ ഈ ഹോസ്പിറ്റലിനെതിരെ പലപ്പോഴും ഗൂഡനീക്കങ്ങൾ നടത്തുന്നവർ ചികിത്സയുടെ പേരിൽ രോഗികളെ പിഴിയുന്ന വൻകിട ഹോസ്പിറ്റൽ മുതലാളിമാരുടെ ദല്ലാലുകൾ മാത്രമാണ്. ഇത്തരം നീക്കങ്ങൾ പൊതുജനങ്ങൾ തിരിച്ചറിഞ്ഞു ചെറുത്ത് തോല്പിക്കണമെന്നും റഷീദ് ഉമരി പറഞ്ഞു.