മസ്‌കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താൻ പരിശോധന ശക്തമാകുന്നു.ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദേശ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിൽ പരിശോധനകൾ നടന്നുവരുന്നുണ്ട്.കഴിഞ്ഞ ബുധനാഴ്ച സീബ്, ബോഷർ, മത്ര തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ തൊഴിൽനിയമം ലംഘിച്ച 44പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 30പേർ സ്ത്രീകളാണ്.കഴിഞ്ഞ വാരാന്ത്യത്തിൽ റൂവി, ഹമരിയ മേഖലകളിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ 377 അനധികൃത തൊഴിലാളികളാണ് പിടിയിലായത്.

മാത്രമല്ല ഒളിച്ചോടിയ വിദേശി തൊഴിലാളികളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രാലയം തൊഴിൽദാതാക്കൾക്ക് മുന്നറിയിപ്പ് നൽകി. അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന പ്രവണത വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഒമാനി തൊഴിൽ നിയമപ്രകാരം സ്‌പോൺസർ അല്ലാതെ മറ്റൊരു തൊഴിൽദാതാവിന് കീഴിൽ ജോലിചെയ്യുന്നതും വിസയിലുള്ള തസ്തികയുടെ നിയമപരിധിക്ക് പുറത്ത് ജോലിചെയ്യുന്നതും തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.