താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്.ഇഖാമ നിയമലംഘകർക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നൽകുന്നവർക്ക് അഞ്ച് വർഷം മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷ റിയാൽ വരെ പിഴയും ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് തങ്ങുന്ന നിയമലംഘകർക്കെതിരിലുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇഖാമ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും സഹായമൊരുക്കുന്നത് ശിക്ഷാർഹമായ കുറ്റമായി പരിഗണിക്കും.പുതുക്കിയ നിയമം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകും. ഇതിനു മുമ്പായി നുഴഞ്ഞു കയറ്റക്കാർ ഉൾപ്പെടെയുള്ള നിയമ ലംഘകരെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടവർക്ക് നൽകണം.

ഇവർക്ക് ജോലി, യാത്ര, താമസ സൗകര്യങ്ങൾ, എന്നിവ ഉൾപ്പെടെ ഒരു സഹായവും ചെയ്തുകൊടുക്കരുതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇത്തരത്തിൽ പിടികൂടുന്നവരുടെ ശിക്ഷ പൂർത്തിയാകുന്ന പക്ഷം നാടുകടത്തലിനും വിധേയമാക്കും. യാത്രാ സൗകര്യ ഏർപ്പെടുത്തിയ വാഹനങ്ങൾ കണ്ടു കെട്ടുന്നതിനും താമസ കേന്ദ്രങ്ങൾ പിടിച്ചെടുക്കുന്നതിനും പുതിയ നിയമം അനുവാദം നല്കുന്നുണ്ട്.

അനധികൃത താമസക്കാരെ സഹായിക്കുന്നത് വിദേശികളാണെങ്കിൽ അവരെ നാടുകടത്തും. ഇത്തരം കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തി കേസുകൾ ക്രിമിനൽ കോടതിക്ക് കൈമാറും.