ഴിഞ്ഞ ആഴ്ച ഗർഭ ഛിദ്രത്തെ തുടർന്ന് ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ക്ലിനിക്കുകൾക്ക് താഴിടാൻ അധികൃതർ പരിശോധന ശക്തമാക്കി. പൊലീസ് നടത്തിവന്ന റെയ്ഡിൽ ഗർഭഛിദ്രം തൊഴിലാക്കിയ ഇന്ത്യക്കാരൻ പൊലീസ് പിടിയിലായതായും റിപ്പോർട്ടുണ്ട്.

ഫർവാനിയയിലെ അപ്പാർട്‌മെന്റ് കേന്ദ്രീകരിച്ചു അബോർഷൻ ക്ലിനിക് നടത്തിവന്ന ഇന്ത്യക്കാരനാണ് ആണ് പിടിയിലായത് . ഗർഭഛിദ്രത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നും സിറിഞ്ചുകളും ഇവിടെനിന്ന് കണ്ടെടുത്തു.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യക്കാരൻ നടത്തിവന്ന അനധികൃത ക്ലിനിക് കണ്ടെത്തിയത്.രഹസ്യപൊലീസ് നിരീക്ഷണത്തിനൊടുവിൽ ഫ്‌ളാറ്റിൽ റെയ്ഡ്
നടത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്തിയകാര്യം ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശികളെ ലക്ഷ്യം വച്ച് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയിഡിലും പിടിയിലായത് ഇന്ത്യക്കാരായിരുന്നു . ഒരു അബോർഷന് 300 കുവൈത്തി ദീനാർ വരെ ഈടാക്കുന്ന സ്ഥാപനങ്ങൾ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് പ്രവർത്തിക്കുന്നത് . ആഴ്ചയിൽ ആറും ഏഴും അബോർഷൻ കേസുകൾ വരെ ഇത്തരം കേന്ദ്രങ്ങളിൽ എത്താറുണ്ടെന്നാണ് വിവരം.