- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗ്യതയുള്ളവരെ വെട്ടിനിരത്തി ഇടതുസർക്കാരിന്റെ പിൻവാതിൽ ബന്ധുനിയമനം വീണ്ടും; മുഖ്യമന്തിയുടെ പഴ്സണൽ ഓഫീസറുടെ ഭാര്യക്ക് കേരള സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം; മലയാളത്തിൽ പരിജ്ഞാനമില്ലാത്ത സംസ്കൃത അദ്ധ്യാപിക മലയാള മഹാനിഘണ്ടു മേധാവിയായി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം തേടുന്നവരെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് സംസ്ഥാനത്തെ സർവകലാശാലകളിൽ നിന്ന് നിരന്തരം കേൾക്കുന്നത്. മികച്ച അക്കാദിക നിലവാരം തങ്ങൾ പഠിക്കുന്ന സർവകലാശാലകളിൽ വേണമെന്ന് ആഗ്രഹിക്കുന്നവരെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് സുതാര്യതയില്ലാത്ത നിയമനങ്ങൾ. കാലടി സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിലെ അദ്ധ്യാപക തസ്തികകളിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങൾ സമീപകാലത്ത് വിവാദമായിരുന്നു. ഏറ്റവുമൊടുവിൽ, മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സർവകലാശാലയുടെ മലയാള മഹാനിഘണ്ടു വകുപ്പിന്റെ മേധാവി(എഡിറ്റർ)യായി നിയമിച്ചതാണ് വിവാദമാകുന്നത്.
മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും, ഗവേഷണ ബിരുദവും, 10 വർഷത്തെ മലയാള അദ്ധ്യാപന പരിചയവുമാണ് മഹാനിഘണ്ടു (ലെക്സിക്കൺ) എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ. മോഹനന്റെ ഭാര്യ ഡോ: പൂർണിമ മോഹനെയാണ് ഈ തസ്തികയിൽ നിയമിച്ചത്. കഴിഞ്ഞ ദിവസം പുതിയ ഔദ്യോഗിക ചുമതല ഏറ്റെടുത്തു.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അദ്ധ്യാപികയായ പൂർണിമ മോഹന് മലയാളഭാഷയിൽ പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോ ഇല്ല. എന്നാൽ, ഉന്നതതല സമ്മർദ്ദങ്ങൾക്ക് വഴങ്ങി ചട്ടങ്ങൾ പാലിക്കാതെ സർവകലാശാല ഈ അനധികൃത നിയമനം നടത്തിയത്. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസ്സറെ ചുമതലയിൽ നിന്ന് നീക്കിയാണ് വിവാദ നിയമനം നടത്തിയിട്ടുള്ളത്.
മലയാള പണ്ഡിതരായിരുന്ന ഡോ:ശൂരനാട് കുഞ്ഞൻപിള്ള, ഡോ:ബി.സി.ബാലകൃഷ്ണൻ,ഭാഷാ ശാസ്ത്ര പണ്ഡിതനായ ഡോ പി.സോമശേഖരൻ നായർ .എന്നിവരുൾപ്പടെ മുതിർന്ന മലയാളം പ്രൊഫസർമാരെയാണ് നാളിതുവരെ ലെക്സിക്കൺ എഡിറ്റർമാരായി നിയമിച്ചിട്ടുള്ളത്.കേരള സർവകലാശാലയിലെ മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കി മലയാള ഭാഷയിൽ യാതൊരു പരിജ്ഞാനവുമില്ലാത്ത ഒരു സംസ്കൃത അദ്ധ്യാപികയെ മലയാള നിഘണ്ടു എഡിറ്ററുടെ ഉന്നത തസ്തികയിൽ നിയമിച്ചതിൽ മലയാളം പ്രൊഫസ്സർമാർക്ക് അമർഷമുണ്ട്. പലരും ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ല.
സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പെൻഷൻ പരിഷ്കരണം പോലും സർവകലാശാല നിർത്തിവച്ചിരിക്കുമ്പോഴാണ് പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവിൽ നിയമനം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറിയതോടെ പെൻഷൻ പരിഷ്കരിച്ച് കേരള സവകലാശാല പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയിരിക്കുകയാ്ണ്. ഏറ്റവുമധികം പെൻഷൻകാരും കുടുംബപെൻഷൻകാരുമുള്ള കേരള സർവകലാശാല, പെൻഷൻ വർധനയുടെ ബാധ്യത ഏറ്റെടുത്താൽ വികസനപ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതിനാലാണ് റദ്ദാക്കിയത്.
സർവകലാശാലകൾ തനത് വരുമാനത്തിൽനിന്ന് പെൻഷൻ പരിഷ്കരിക്കുന്നതിന്റെ അധികബാധ്യത കണ്ടെത്തണമെന്ന ധനമന്ത്രാലയത്തിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും സർക്കാരിന്റെ പെൻഷൻ പരിഷ്കരണ ഉത്തരവ് നടപ്പാക്കിയിരുന്നു. ആ സമയത്ത് തനതുവരുമാനത്തിൽനിന്ന് അധികബാധ്യത കണ്ടെത്തണമെന്നതു സംബന്ധിച്ച് ഉത്തരവിൽ വ്യക്തതയില്ലായിരുന്നു.