റിയാദ്: ഇന്റീരിയൽ മിനിസ്ട്രി നടത്തിയ റെയ്ഡിൽ റിയാദിൽ നിന്ന് 624 അനധികൃത താമസക്കാരായ വിദേശികളെ പിടികൂടി. ഈയാഴ്ച നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലാണ് ഇവർ പിടിയിലായത്. റിയാദിലെ നാലു ജില്ലകളിൽ ബുധനാഴ്ച മിന്നൽ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്ത് നടന്ന വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായിട്ടുള്ള 82 എത്യോപ്യക്കാരായ സ്ത്രീകളും 13 പുരുഷന്മാരും ഇതിൽ ഉൾപ്പെട്ടിരുന്നു എന്ന് ഒരു സീനിയർ പൊലീസ് ഓഫീസർ അറിയിച്ചു.

മാൻഫൗഹ മേഖലയിൽ നിന്നാണ് ഏറെപ്പേർ പിടിയിലായിട്ടുള്ളത്. മൊത്തം 236 പേർ ഇവിടെ നിന്ന് അറസ്റ്റിലായിട്ടുണ്ട്. ഏഷ്യക്കാരെ കൂടാതെ ഇവിടെ ധാരാളം എത്യോപ്യക്കാരും യെമൻ സ്വദേശികളും നിവസിക്കുന്നുണ്ട്. ഈ മേഖലയിൽ അനധികൃത താമസക്കാരെ പിടികൂടാൻ പൊലീസ് ഇടയ്ക്കിടെ റെയ്ഡ് നടത്താറുണ്ട്.

അട്ടൈഗ, റൗദാ, അൽമിഖ്വല തുടങ്ങിയ മേഖലകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പിടിയിലായവരിൽ നിന്നും ഏറെ വ്യാജ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മിക്കവരും നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരുമാണ്. മോഷണം, പിടിച്ചുപറി, മദ്യക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ നടത്തുന്നവരെ പിടികൂടുന്നതിനുമാണ് റെയ്ഡ് നടത്തുന്നത്.

കിഴക്കൻ പ്രവിശ്യയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാരെ പിടികൂടിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസയുടെ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരിൽ മിക്കവരും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.