നുമതിയില്ലാതെ ഖത്തറിൽ പിരിവ് നടത്തുന്നത് ശിക്ഷാർഹമായ നടപടിയാണെന്ന് ചാരിറ്റി അഥോറിറ്റി ലീഗൽ ഡയറക്ടർ മുഹമ്മദ് ഗാനിം അൽമുഹന്നദി അറിയിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനകളാണെങ്കിലും പണം പിരിക്കുന്നതിന് അഥോറിറ്റിയിൽ അനുമതി വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ.

പരസ്യം നൽകിയോ വ്യക്തികൾ സ്വന്തമായോ പ്രത്യേകം സംഘടനകൾ വഴിയോ ഏതെങ്കിലും തരത്തിലുള്ള പിരിവുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് ചാരിറ്റി അഥോറിറ്റി മുന്നറിയിപ്പ് നൽകിയത്. സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും പിരിവ് നടത്താൻ അഥോറിറ്റിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം.

വ്യക്തികൾ പിരിവ് നടത്തുന്നതിനിടെ പിടിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവിന് പുറമെ 50000 റിയാൽ വരെ പിഴവും ലഭിക്കാവുന്ന നിയമത്തിനാണ് അമീർ അനുമതി നൽകിയിരിക്കുന്നത്. അഞ്ച് തരം നിയമ ലംഘനങ്ങളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്യുക.

രാജ്യത്ത് പുതുതായി രൂപീകരിച്ച സന്നദ്ധ സംഘടനയാണെങ്കിലും ഏതെങ്കിലുള്ള പിരിവ് നടത്താൻ അനുമതി വാങ്ങിയിരിക്കണം. രാജ്യത്ത് നിന്ന് പണം വിദേശത്തേക്ക് അയക്കണമെങ്കിലും അഥോറിറ്റിയിൽ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം. അല്ലാതെ പണം അയച്ചാൽ അത് നിയമ ലംഘനമായി കണക്കാക്കി കേസ് ഫയൽ ചെയ്യുന്നതാണെന്ന് മുഹമ്മദ് ഗാനിം അൽമുഹന്നദി വ്യക്തമാക്കി. ഇങ്ങനെ പണം അയക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ചുമത്തുന്നതാണ്.