മൂന്നാർ: കല്ലാർ വാലി എസ്റ്റേറ്റിൽ അനധികൃതമായി വൻതോതിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പള്ളിവാസൽ മുൻ സെക്ഷൻ ഓഫീസറും നിലവിലെ മച്ചിപ്ലാവ് എസ്എഫ്ഒയുമായ എൽദോ, പള്ളിവാസലിലെ ഗ്രേഡ് എസ്എഫ്ഒ രതീഷ് എന്നിവരെയാണ് ഹൈറേഞ്ച് സർക്കിൾ സിസിഎഫ്(ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) ജോർജി പി. മാത്തച്ചൻ സസ്പെൻഡ് ചെയ്തത്.ഇരുവർക്കും മരം മുറി വിഷയത്തിൽ ഗുരുതര വീഴ്ച പറ്റിയതായി നേരത്തെ മൂന്നാർ ഡിഎഫ്ഒ കണ്ടെത്തിയിരുന്നു.

മരങ്ങളുടെ ശിഖരം വൻതോതിൽ മുറിച്ച് നീക്കിയ സംഭവം ഇരുവരും അറിഞ്ഞിട്ടും ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കാതെ വിവരം പൂഴ്‌ത്തിവയ്ക്കുകയായിരുന്നു.സ്ഥലത്ത് 3500 ഓളം മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ചത്. ഉണങ്ങിയ മരങ്ങൾ ചുവടെ വെട്ടി മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മരം മുറി ആരംഭിക്കുന്നത്. 300 ഏക്കറോളം വരുന്ന തോട്ടത്തിൽ 148 ഏക്കർ ഭൂമിയിലെ ശിഖരം മുറിക്കാനാണ് ആദ്യഘട്ടമെന്നോണം വനംവകുപ്പ് അനുമതി നൽകിയത്.

എന്നാൽ ഇത് മറികടന്ന് വലിയ ശിഖരങ്ങൾ പോലും മുറിച്ചു. പിന്നീട് മുറിച്ച വിറക് കഴിഞ്ഞ ഏപ്രിലിൽ ലേലത്തിൽ വച്ചു. ഇത് തോട്ടം ഉടമകൾ തന്നെ ലേലത്തിൽ പിടിച്ചു. എന്നാൽ തടികൊണ്ടുപോകാനായില്ല. പിന്നീട് ഈ ലേലവും ഡിഎഫ്ഒ ഇടപെട്ട് റദ്ദാക്കാൻ നിർദ്ദേശം നൽകി. ദേവികുളം റേഞ്ചിൽ ആനവിരട്ടി വില്ലേജിൽപ്പെട്ട ഈ ഏലത്തോട്ടം 25 വർഷത്തോളമായി കൃഷി ഉപേക്ഷിച്ച് തൊഴിൽ തർക്കങ്ങളിൽപ്പെട്ട് കിടക്കുകയായിരുന്നു.

ആന്ധ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം 2021ൽ കട്ടപ്പന സ്വദേശികൾ വാടകയ്ക്ക് എടുത്ത് കൃഷി ആരംഭിക്കുകയായിരുന്നു. ഇതിന്റെ മറവിലാണ് വൻതോതിൽ മരം മുറിച്ചത്. കഴിഞ്ഞ 12ന് ദേവികുളം റേഞ്ചിലെ വിവിധ സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന ആരംഭിച്ചിരുന്നു.

ഇതുവരെ ആയിരത്തിൽ താഴെ മരങ്ങളുടെ വിവരങ്ങളാണ് വനംവകുപ്പിന് മഹസറിൽ ചേർക്കാനായത്. മഴ താൽകാലികമായി മാറിയതോടെ കണക്കെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമം ഊർജിതമാണ്. ഒരുമാസം മുമ്പാണ് വിഷയത്തിൽ പരാതി വരുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള മരംവെട്ട് പുറത്ത് വരുന്നത്.