സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ കുടിയേറിയിരിക്കുന്ന അഭയാർഥികളിൽ പകുതിയോളം പേർ വീട്ടുജോലിക്കാരായി കഴിയുന്നുണ്ടെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. സ്വിസ് ഫെഡറൽ മൈഗ്രേഷൻ ഓഫീസിന്റെ (എസ്ഇഎം) നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് സ്വിറ്റ്‌സർലണ്ടിൽ 76,000ത്തോളം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. പത്തു വർഷം മുമ്പ് ഇത് 90,000 ആയിരുന്നുവെന്നും നിലവിൽ അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാരിൽ 43 ശതമാനത്തോളം പേർ സെൻട്രൽ, സൗത്ത് അമേരിക്കയിൽ നിന്ന് എത്തിയിട്ടുള്ളവരാണ്. 24 ശതമാനത്തോളം പേർ യൂറോപ്യൻ യൂണിയനു പുറത്തുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും. ഇതിൽ മൂന്നിൽ രണ്ടു ശതമാനവും സ്വിറ്റ്‌സർലണ്ടിലെത്തിയിരിക്കുന്നത് ടൂറിസ്റ്റുകളായോ ട്രാവൽ ഡോക്യുമെന്റുകൾ ഇല്ലാതെയോ ആണ്. റെസിഡൻസ് അപേക്ഷ, അഭയാർഥിത്വ അപേക്ഷ എന്നിവ നിരസിച്ചതിനെ തുടർന്ന് അനധികൃതമായി തങ്ങുന്നവരാണ് അഞ്ചിലൊന്നു പേർ.

അനധികൃതമായി തങ്ങുന്നവരിൽ 28,000 പേർ സൂറിച്ചിലും 13,000 പേർ ജനീവയിലും 12,000 പേർ വൗദ് കാന്റണിലും താമസിക്കുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. അതേസമയം ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന ടിസിനോ കാന്റണിൽ വെറും 600 പേർ മാത്രമാണ് അനധികൃതമായി താമസിക്കുന്നതെന്നാണ് കണക്ക്.

രാജ്യത്ത് തങ്ങുന്ന അനധികൃത അഭയാർഥികളിൽ പ്രായപൂർത്തിയായവരിൽ പത്തിൽ ഒമ്പതു പേർ എന്ന കണക്കിന് തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ദൈർഘ്യമേറിയ ജോലി സമയം, കുറഞ്ഞ വേതനം തുടങ്ങിയ പ്രതികൂല ഘടകങ്ങളേയും ഇത്തരക്കാർക്ക് നേരിടേണ്ടി വരുന്നുണ്ട്. പകുതിയോളം അനധികൃത അഭയാർഥികൾ വീട്ടുവേലക്കാരാണ് ജോലി ചെയ്യുന്നത്. കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലും ഭൂരിഭാഗം പേർ തൊഴിലെടുക്കുന്നുണ്ട്.