രാജ്യത്തെ വിമാനത്താവളത്തിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവ്വീസ് നടത്തി വന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ പൊലീസ് പിടികൂടിയതായി റിപ്പോർട്ട്.കഴിഞ്ഞ രണ്ട് മാസങ്ങളിൽ നടത്തിയ പരിശോധനയിൽ 30ലേറ വിദേശികൾ പിടിയിലായതായി വിമാനത്താവള അധികൃതർ ആണ് റിയിച്ചത്

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ടാക്സി സർവീസിന് സ്വദേശികൾക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ സ്വകാര്യ വാഹനങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ ടാക്സി സർവീസ് നടത്തുന്നത് പതിവായതാണ് പരിശോധന ശക്തമാക്കാൻ കാരണം.

റിയാദ്, ജിദ്ദ, ദമ്മാം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് വിദേശികളുടെ അനധികൃത ടാക്സി സർവീസ് കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയത്. ഡ്രൈവർമാരെ നിരീക്ഷിക്കാൻ പ്രത്യേകം കാമറകൾ സ്ഥാപച്ചിട്ടുണ്ട്. ഇതിനു പുറമെ രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിരന്തരം എയർപോർട്ടുകളിലെത്തുന്ന വിദേശികളായ ഡ്രൈവർമാരെ നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നുണ്ട്.

നിയമലംഘകർ 5000 റിയാൽ പിഴ അടക്കേണ്ടി വരും. ഇതിനുപുറമെ ഇയാൾ കുറ്റവാളിയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റാ ബേസിൽ രേഖപ്പെടുത്തും. ഇതോടെ താമസാനുമതി രേഖയായ ഇഖാമ പുതുക്കി നൽകില്ല. അനധികൃത ടാക്സി സർവീസ് നടത്തിയതിനും സ്വദേശികൾക്ക് സംവരണം ചെയ്ത തൊഴിലിൽ ഏർപ്പെട്ടതിനും ഇയാൾ വിചാരണ നേരിടേണ്ടിവരും. ഇങ്ങനെ പിടിക്കപ്പെടുന്നവരെ പിഴ അടച്ചതിനു ശേഷം നാടുകടത്തുകയാണ് പതിവ്.