- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൾഫിൽ നിന്ന് ഫ്രീയായി വിളിക്കാൻ ആപ്പുകൾ ധാരാളം; സൗദിയിൽ ഐഎംഒയും പ്രവർത്തിക്കും; വിഡീയോ കോളിന്റെ ഈ കാലത്തും മലപ്പുറത്ത് മുക്കിന് മുക്കിന് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ; ലക്ഷ്യം തെളിവുകളില്ലാതെയുള്ള ആശയ വിനിമയം; ചില്ലക്കാശ് മാത്രം കിട്ടുന്ന ഏജന്റുമാർക്ക് ഒന്നും അറിയില്ല; സമാന്തര എക്സ്ചേഞ്ചിന് പിന്നിൽ തീവ്രവാദമോ?
മലപ്പുറം: മലപ്പുറത്തെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിന്നിൽ തീവ്രവാദ സ്വഭാവമെന്നു രഹസ്യാന്വേഷണ വിഭാഗം. വിദേശത്തു നിന്നും വാട്സ്ആപ്പിലും ഐ.എം.ഒയിലും വരെ സൗജന്യമായി ഓഡിയോ, വീഡിയോ കോൾ ചെയ്യാൻ കഴിയുമ്പോൾ മലപ്പുറത്ത് മുക്കിന് മുക്ക് എന്തിന് പണം കൊടുത്ത് വിളിക്കാവുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെന്നാണു പൊലീസ് അന്വേഷിക്കുന്നത്. സമാന്തര ടെലിഫോണിൽ വിളിക്കുന്നവരെ കണ്ടെത്താൻ കഴിയില്ല.
എന്നാൽ മറ്റു ആപ്പുകൾ ഉപയോഗിച്ചു സൗജന്യമായി വിളിക്കുന്നവരെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും സാധിക്കും. ഇത്തരം പ്രവർത്തനങ്ങൾ രാജ്യദ്യോഹ പ്രവർത്തനങ്ങൾക്കു ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. ഇതിനാൽ തന്നെ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് എന്നതു ചെറിയ കേസാക്കി എഴൂതിത്തള്ളുന്നതിനെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വമ്പന്മാരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
വാട്‌സാപ്പ് കോളുകൾ നിരോധിച്ചിട്ടുള്ള സൗദിയിൽ ഐഎംഒ കിട്ടും. മറ്റിടങ്ങളിൽ എല്ലാം വാട്‌സാപ്പും ഫെയ്‌സ് ബുക്കും എല്ലാം വിളിക്കുന്നതിന് ഉപയോഗിക്കാം. ഈ കാലത്ത് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് കൊള്ള ലാഭത്തിന്റെ സാധ്യതകളില്ല. എന്നാൽ സാങ്കേതിക വിദ്യ വളർന്ന ഈ സമയത്തും സമാന്തര എക്‌സ്‌ചേഞ്ചുകൾ സജീവമാണെന്നതാണ് ഭീകര വാദ സാധ്യതകൾ സജീവ ചർച്ചയാക്കുന്നത്. ഈ സംവിധാനം ഉപയോഗിക്കുമ്പോൾ വിവരങ്ങൾ പുറത്തു പോകില്ല. അതുകൊണ്ട് തന്നെ തീവ്രവാദ ഫണ്ടിങ് ഇതിന് പിന്നിലുണ്ടെന്നാണ് സംശയം.
ഇടനിലക്കാരായി സാധാരണക്കാരായ പവങ്ങളെ വെച്ചു ഇവർ ചില്ലിക്കാശുമാത്രം നൽകിയാണു പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത്. അനുദിനം മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമാന്തരടെലഫോൺ എക്സ്ചേഞ്ചുകളുടെ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണ്. ഇന്നലെ മാത്രം പെരിന്തൽമണ്ണ-കൊളത്തൂർ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നു സ്ഥലങ്ങളിൽ നിന്നു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിടികൂടിയിരുന്നു. പുലാമന്തോൾ, കട്ടുപ്പാറ, ആമയൂർ എന്നിവിടങ്ങളിലെ ക്വാർട്ടേഴ്സ് മുറികളിൽ നിന്നാണ് ഉപകരണങ്ങൾ പിടിച്ചെടുത്തത്. ഒരേസമയം 512 സിം കാർഡുകളുപയോഗിച്ചു വിളിക്കാൻ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത ഉപകരണങ്ങൾ.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിധമാണ് ഇവയുടെ പ്രവർത്തനമെന്നു കൊളത്തൂർ സിഐ സുനിൽ പുളിക്കൽ പറഞ്ഞു. വിദേശത്തു നിന്നുള്ള കാളുകൾ ലോക്കൽ നമ്പറുകളിൽ നിന്നുള്ള വിളികളായി കാൾ ലഭിക്കുന്നവർക്കു ഇതുവഴി തോന്നിപ്പിക്കാനാകും. വിളി വരുന്ന നമ്പറുകൾ അറിയാനും കഴിയില്ല. ഇതിനുള്ള റൂട്ടർ ഡിവൈസുകളും നൂറുക്കണക്കിനു സിം കാർഡുകളും മറ്റു സിസ്റ്റങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊളത്തൂരിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മഞ്ചേരി പൂക്കൊളത്തൂർ പുറക്കാട് സ്വദേശി തയ്യിൽ ഹുസൈനെ കഴിഞ്ഞ ദിവസം കൊളത്തൂർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇയാൾ ഇതിലെ ഏറ്റവും താഴേക്കിടയിലുള്ള കണ്ണിമാത്രമാണ്. ആഴ്‌ച്ചയിൽ 1000രൂപമാത്രമാണു തനിക്കിതിൽനിന്നും ലഭിക്കുന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഏജന്റുമാർ നൽകുന്ന ഉപകരണങ്ങൾ ചെറിയ വാടക റൂമോ മറ്റോ എടുത്ത് അവിടെ ഓൺചെയ്തു വച്ചാൽ മാത്രം മതിയെന്നാണ് ഇവർ പറയുന്നത്. മറ്റുള്ള പ്രവർത്തനങ്ങളെല്ലാം ഓട്ടോമാറ്റിക് സംഭവിക്കും. വിദേശകോളുകൾ ഓട്ടോമാറ്റിക് ലോക്കൽ കോളുകളായി മാറുമെന്നും ഇവർ പറയുന്നു.
മൂൻകാലങ്ങളിൽ കോളുകൾ വരുമ്പോൾ അത് പ്രവർത്തിപ്പിക്കാനും ലോക്കലാക്കി മാറ്റുവാനും ഒരാൾ ഓപ്പറേറ്ററായി പ്രവർത്തിക്കാറുണ്ടെങ്കിലും നിലവിൽ നൂതന സങ്കേതിക വിദ്യകളാണെന്നും ഇതിനൊന്നും ആരുംവേണ്ടെന്നുമാണു പിടിയിലായ പ്രതി പൊലീസിന് നൽകിയ മൊഴി. ഹുസൈൻ 12വർഷം വിദേശത്തായിരുന്നു. പിന്നീട് നാട്ടിലെത്തിയ ഒരു മന്തിക്കട തുടങ്ങി. അതേടൊപ്പമാണ് നിലവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചത്.
എന്നാൽ തനിക്കു ഉപകരണങ്ങൾ നൽകിയവരെ കുറിച്ചോ മറ്റൊ വ്യക്തമായ ഒരു വിവരവും ചോദ്യംചെയ്യലിൽ പ്രതി പേലീസിനോട് പറഞ്ഞിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചു കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിന്നിലെ മുഖ്യകണ്ണികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി സിഐ പറഞ്ഞു. വിദേശത്തു നിന്നാണ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐ ടി.കെ.ഹരിദാസ്, വനിതാ എഎസ്ഐ ജ്യോതി, എസ്.സി.പി.ഒ ബൈജു കുര്യാക്കോസ്, വിനോദ്, ഷിബു, സുബ്രഹ്‌മണ്യൻ, സുകുമാരൻ, സൈബർസെൽ ഉദ്യോഗസ്ഥരായ ബിജു, ഷൈലേഷ്, വൈശാഖ് എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമും ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്