അബുദാബി: നിയമവിരുദ്ധമായി വാടകയ്ക്ക് താമസിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി. അനധികൃതമായി തങ്ങുന്ന ബാച്ചിലേഴ്‌സിനെഒഴിപ്പിക്കാൻ നഗരസഭ ഉത്തരവിട്ടിരിക്കയാണ്. ഇതിന്റെ ഭാഗമായി അനധികൃതമായി കുടുംബങ്ങൾക്കുള്ള താമസ കേന്ദ്രങ്ങളിൽ താമസിക്കുന്ന ബാച്ചിലേർസുകാരെ കണ്ടെത്താൻ മിന്നൽ പരിശോധന നടത്തിവരികയാണ്.

പിടിക്കപ്പെട്ടാൽ വൻ തുക പിഴയായി നൽകേണ്ടി വരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. പിഴ ചുമത്തപ്പെട്ടവർക്ക് മുഴുവൻ തുകയും അടച്ചുതീർക്കാതെ യു.എ.ഇ. വിട്ടുപോകാനും നിയമം അനുവദിക്കുന്നില്ല.ഈ വർഷം ആദ്യം നടത്തിയ പരിശോധനയിൽ 183 കെട്ടിടങ്ങളിൽ അനധികൃതമായി താമസിച്ചുവരുന്ന മുഴുവൻ ബാച്ചിലേഴ്‌സിനെയും ഒഴിപ്പിച്ചിരുന്നു. ഇത്തരത്തിൽ ബാച്ചിലേഴ്‌സിനെ അനധികൃതമായി പാർപ്പിക്കുന്ന 750 ഫ് ളാറ്റുകൾക്ക് നഗസഭ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ബാച്ചിലേഴ്‌സ് ഇവിടെ താമസിക്കുന്നത്. അബുദാബിയിലെ ഇലക്ട്ര, ഹംദാൻ എയർപോർട്ട് റോഡ് എന്നിവിടങ്ങളിലാണ് കർശന പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. ചെറിയ അപ്പാർട്ട്‌മെന്റിൽ എട്ടും പത്തും ആളുകൾ ഒരുമിച്ച് താമസിക്കുന്നതും, വില്ലകളായി തിരിച്ചു താമസിക്കുന്നതും നിയമ വിരുദ്ധമാണ്.

ബാച്ചിലേഴ്‌സിനും തൊഴിലാളികൾക്കും അബുദാബിയിൽ പ്രത്യേക താമസ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇത്തരക്കാർ എത്രയും പെട്ടെന്ന് തന്നെ അനധികൃതമായി താമസിക്കുന്നതിനുപകരം അനുവദിച്ച കെട്ടിടങ്ങളിലേക്ക് മാറണമെന്നും നഗരസഭാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷിതവും ആരോഗ്യപൂർണവുമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.