കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകരെ പിടികൂടാൻ പരിശോധനയുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം രംഗത്തിറങ്ങിയതോടെ ആയിരത്തിലധികം പേർക്ക് നോട്ടീസ്. ഹവല്ലി, ഫർവാനിയ, സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 1464 പേർക്കാണ് നോട്ടിസ് ലഭിച്ചത്.

നിയമലംഘകരിൽ അധികം പേരും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിടിയിലായത്. 1028 പേർക്ക് നോട്ടിസ് നൽകിയത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചതിന് 436 പേർക്കും നോട്ടിസ് നൽകി.

ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ സുലൈമാൻ അൽ ഫഹദിന്റെ നിർദ്ദേശാനുസരണം ആയിരുന്നു പരിശോധന. വാഹനം ഓടിക്കുന്നവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നതാണ് ഗതാഗത നിയമലംഘനം എന്ന വസ്തുത പരിഗണിച്ചാണ് പരിശോധന ശക്തമാക്കുന്നത്. ആറ് ഗവർണറേറ്റുകളിലും ഇടതടവില്ലാതെ പരിശോധനയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിയമലംഘകരെ രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് അനുസൃതമായ നടപടികൾക്കു വിധേയമാക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി