മസ്‌കത്ത്: രാജ്യത്ത് അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ കർശന മുന്നറിയിപ്പുമായി മാനവ വിഭവശേഷി മന്ത്രാലയം. മതിയായ രേഖകളില്ലാത്തവരെ ജോലിക്ക് നിയോഗിക്കുന്നത് നിയമ വിരുദ്ധ പ്രവൃത്തിയാണെന്നും ഇത്തരാക്കാർക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

പരിഷ്‌കരിച്ച തൊഴിൽ നിയമ പ്രകാരം നിയമലംഘനത്തിന് പിടിയിലാകുന്നവരുടെ തൊഴിലുടമയിൽനിന്നും സ്‌പോൺസറിൽനിന്നും 2000 റിയാൽ വരെ പിഴ ചുമത്തും. മന്ത്രാലയത്തിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന്വി ലക്കുമുണ്ടാകും .പിടിയിലാകുന്നയാളുടെ മടക്കയാത്രക്കുള്ള ചെലവ് തൊഴിലുടമ വഹിക്കേണ്ടിവരും. പിടിയിലാകുന്നയാൾ 800 റിയാൽ വരെ പിഴയടക്കണം. രാജ്യത്തുനിന്ന് നാടുകടത്തുകയും ഒമാനിൽ തൊഴിലെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും

ബന്ധപ്പെട്ട ലൈസൻസ് ലഭിക്കാതെ ഒരു തൊഴിലുടമക്കും വിദേശ തൊഴിലാളിയുമായി ബന്ധപ്പെട്ട് കരാറിൽ ഏർപ്പെടാൻ സാധിക്കില്ല. ലൈസൻസില്ലാതെ വിദേശ തൊഴിലാളികളെ ജോലിക്ക് നൽകുന്നതും ഒമാനി തൊഴിൽ നിയമത്തിന്റെ 20ാം ആർട്ടിക്കിൾ പ്രകാരം നിയമ വിരുദ്ധമാണ്. നിരവധി കമ്പനികളിൽ അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടതാണ് മുന്നറിയിപ്പിന് കാരണം.