റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ നിയമ ലംഘകരുടെ വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. അര ലക്ഷം റിയാൽ വരെ പാരിതോഷികം നൽകും. പൊതുസുരക്ഷാ വകുപ്പാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

നിയമ ലംഘനം കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.. നിയമ ലംഘകർക്ക് ജോലിയും അഭയവും സഹായവും നൽകരുത്. ഇത്തരക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വദേശിവൽക്കരണ നയത്തിന് വിരുദ്ധമല്ലാത്ത ഗാർഹിക തൊഴിലാളികൾ, കൃഷി തൊഴിലാളികൾ, ഇടയന്മാർ, നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലുകൾക്ക് വിദേശ റിക്രൂട്ട്‌മെന്റിന്് വിസ അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെലവു ചുരുക്കാൻ നിയമ ലംഘകരെ ജോലിക്കു നിയമിക്കാൻ ആരെയും അനുവദിക്കില്ലെന്നും പൊതു സുരക്ഷാ വകുപ്പ് വ്യക്തമാക്കി.പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന എല്ലാ ഇന്ത്യക്കാരും എത്രയും പെട്ടെന്ന് അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദ് ആവശ്യപ്പെട്ടു.

നേരത്തെയുണ്ടായിരുന്ന പൊതുമാപ്പുകളിൽ നിന്ന് വ്യത്യസ്ഥമാണ് ഇത്തവണത്തെ പൊതുമാപ്പ്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് നിയമവിധേയമായി വീണ്ടും സൗദിയിൽ വന്നു ജോലി ചെയ്യാൻ അവസരം ഉണ്ടെന്നു അഹമദ് ജാവേദ് ഓർമിപ്പിച്ചു.ഉൾപ്രദേശങ്ങളിൽ ഉള്ള പല ഇന്ത്യക്കാരും ഇനിയും പൊതുമാപ്പിനെ കുറിച്ച് അറിയാത്തവരുണ്ട്. അവർക്കിടയിൽ ഈ സന്ദേശം എത്തിക്കാൻ പൊതുപ്രവർത്തകർ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.