കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിന്റെ സമീപ പ്രദേശത്തെ തുരുത്തുകളിൽ വനപാലക സംഘം നടത്തിയ റെയ്ഡിൽ വ്യാജചാരായം നിർമ്മിക്കാൻ തയ്യാറാക്കി വച്ചിരുന്ന 600 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

ഡാമിൽ നിന്ന് കുട്ടമ്പുഴ ഭാഗത്തേയ്ക്ക് പുഴ മാർഗ്ഗം പോകുമ്പോൾ ക്യാച്ച്‌മെന്റ് ഏരിയയിൽ നിരവധി തുരുത്തുകളും ഉണ്ട്. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ വ്യാജ ചാരായം ഈ പ്രദേശത്തെ തുരുത്തിൽ വച്ചാണ് നിർമ്മിച്ചിരുന്നത് എന്ന് കണ്ടെത്തിയിരുന്നു

ഇന്ന് തുണ്ടത്തിൽ റെയിഞ്ചാഫീസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേഞ്ചർ ജയൻ ജെ എന്നിവരുടെ നേതൃത്വത്തിൽസെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രഘു, ഡായി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ഡ്രൈവർ ബിപിൻ ലാൽ വാച്ചർ എകെ ഘോഷ് എന്നിവർ ചേർന്ന്‌ബോട്ടിൽ എത്തി നടത്തിയ പരിശോധനയിൽ വീപ്പയിലും, ടാർപ്പാളിൻ ഷീറ്റിലുമായി വാഷ് കലക്കിയിരുന്നത് കണ്ടെത്തുകയായിരുന്നു.

രാവിലെ 7 മണി മുതൽ 1 മണി വരെ റെയിഡ് നീണ്ടുനിന്നു.ഈ മേഖലയിൽ വ്യാജചാരായം നിർമ്മിച്ചതിനും അതിക്രമിച്ച് കയറിയതിനും നടപടി സ്വീകരിക്കുമെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനടി പ്രതികളെ പിടികൂടാൻ കഴിയുമെന്നും വനപാലകർ പറഞ്ഞു