1995-96 കാലഘട്ടത്തിൽ ഭരണങ്ങാനത്ത് ആയിരിക്കുന്ന കാലത്താണ് ആദ്യമായി ഇല്ലിക്കൽ
കാണുന്നത്. ആകാശം തെളിയുന്ന ദിവസങ്ങളിൽ ദൂരെ കിഴക്കേക്ക് നോക്കുമ്പോൾ കോട്ടകൊത്തളങ്ങൾ കെട്ടിയുയർത്തിയ പോലെ ഇല്ലിക്കൻ അവിടെ തലയുയർത്തി നിൽക്കും. പ്രൗഢിയോടെയുള്ള ആ നിൽപ്പ് കണ്ടാൽ മതി വല്ലാത്ത ആദരവ് തോന്നുമായിരുന്നു. പിന്നെ ഇട്ടിയവിര മാഷിന്റെ കഥാ കഥന ക്ലാസ്സുകളിൽ ആണ് (ഇടക്ക്യ്ക്ക് നല്ല ശുദ്ധിയുള്ള ഹിന്ദിയും പഠിപ്പിക്കും) ഇല്ലിക്കൽ കഥ കേൾക്കുന്നത്:

ഇല്ലിക്കൽ മുകളിൽ മൂന്ന് നരകപാലങ്ങളും ഒരു കുടക്കല്ലും ഉണ്ടെത്രെ. അപൂർവ്വം ചിലരൊക്കെ നരകപാലങ്ങൾ കടന്നിടുണ്ട് എന്ന് കേൾക്കുന്നു. പക്ഷെ ഇന്നോളം ആർക്കും കുടക്കല്ലിന്റെ മുകളിൽ കയറാൻ കഴിഞ്ഞിട്ടില്ല. അതിന് ആവില്ല. കാരണം അത് ഒരു പുണ്യസ്ഥാനം ആണ്. അവിടെ നിന്നാണ് മീനച്ചിലാറ് ജനനം കൊള്ളുന്നത്. അതിന് മുകളിൽ നീലക്കൊടിവേലി വളരുന്ന ഒരു കുളമുണ്ട്. അവിടെ നിന്ന് കർക്കിടമാസത്തെ കറുത്തവാവിന്റെ ദിവസം മീനച്ചിലാറിൽ കൂടി നീലക്കൊടുവേലി ഒഴുകിവരും. നീലക്കൊടുവേലി കിട്ടുന്നവർക്ക് പിന്നെ പത്തായമൊഴിയാത്ത സമർദ്ധിയാണ്. അങ്ങനെ പോകുന്നു കഥ.

കഥ കേട്ട് വീണ്ടും പത്തുപന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഇല്ലിക്കൽ  മുകളിൽ കയറുന്നത്. അന്ന് ചുരുങ്ങിയത് 2 മണിക്കൂർ എങ്കിലും കാട്ടുവഴികളിൽ കൂടി ചെങ്കുത്ത് കയറ്റമായിരുന്നു. അവസാനം എത്തിപ്പെടുന്നത് നാരകപാലങ്ങൾക്ക് ഇപ്പുറം ഒരു ഉയർന്നു നിരന്ന പാറയിൽ. അവിടെ നിന്ന് നോക്കിയാൽ 360 ഡിഗ്രിയിൽ കാണാത്ത കോട്ടയം പ്രദേശങ്ങൾ ഇല്ല. പക്ഷെ, താഴേക്ക് നോക്കിയാൽ ഉള്ളിൽ ഒരു ആന്തൽ ഉയർന്നുവരും. നരകപാലങ്ങളിൽ മല ഇരുവശത്തുനിന്നും ഒരു ബ്ലേഡ് പോലെ അവസാനിക്കുന്നു. അങ്ങ് താഴെ ഒരുവശത്ത് 'മൂന്നിലവ്' എങ്കിൽ മറുവശത്ത് 'അടുക്കം'. അവിടെ നേരെ മുന്നിൽ തലയുയർത്തി നിൽക്കുന്നു കുടക്കല്ല്. കുടക്കല്ലിനെ ഒന്ന് കുമ്പിട്ട് മലയിറങ്ങുമ്പോൾ അത്ഭുതവും ആദരവും അവിടെ അവസാനിക്കുന്നില്ല.

കാര്യങ്ങൾ മാറാൻ തുടങ്ങിയത് 2000 ത്തിന് ഇപ്പുറത്തേയ്ക്കാണ്. പ്രകൃത്യാ ദുർബലമായ ഇല്ലിക്കന്റെ ചുവട്ടിൽ മൂന്നിലവ് ഭാഗത്ത് വലിയ പറമടകൾ വന്നു. പേടിക്കേണ്ട ലോക്കൽ ആളുകൾ ഒന്നും അല്ല, ടോമിൻ ജെ. തച്ചങ്കരി അടക്കമുള്ള വൻടീമുകളുടെ. അവിടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി. അത് ഇല്ലിക്കൽ മുഴവനായി പിടിച്ചുകുലുക്കി. ഏതാണ് 10 വർഷങ്ങൾക്കു മുൻപ് കുടക്കല്ലിന്റെ ഒരു പാളി അടർന്നുവീണു. ഭാഗ്യത്തിന് ദുരന്തം ഒഴിവായി. പിന്നെ രണ്ട് വർഷം മുൻപാണ് മൂന്നിലവ്-അടുക്കം എന്നീ രണ്ട് വശത്തുനിന്നും രണ്ട് ടാറിട്ട വഴികൾ ഇല്ലിക്കന്റെ മുകളിലേക്ക് വെട്ടിക്കേറ്റുന്നത്.

ഒരു മലവഴി എങ്ങനെ ഉണ്ടാക്കാൻ പാടില്ല എന്നതിന് ഉത്തമ ഉദാഹരങ്ങൾ ആണ് ആ വഴികൾ. ഈ മഴക്കാലത്തും വന്മണ്ണിടിച്ചിലിൽ വഴിയിൽ ഒന്ന് യാത്രായോഗ്യമാല്ലാതായി. വഴിവന്നതോടെ സഞ്ചാരികളുടെ ഒഴുക്കായി. വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ആ ചെങ്കുത്തായ മലമുകളിലേക്ക്. വന്നവർ മലമുകളിലും പുൽമേടുകളിലും പ്ലാസ്റ്റിക്ക് കുപ്പിയും പേപ്പർ പ്ലേറ്റുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞു പോയി.

അതിനേക്കാൾ വലിയ ദുരന്തം 3 ദിവസങ്ങൾക്ക് മുൻപ് ഒരു ചെറുപ്പക്കാരൻ മലയിൽ നിന്ന് വീണ് മരിക്കുന്നതോടെ കഴിഞ്ഞ ഒരു വർഷത്തിൽ ഇല്ലിക്കൽ ടൂറിസം സമ്മാനിച്ച മരണം രണ്ട് തികയുന്നു. അന്യനാട്ടിൽ നിന്നും മലകയറ്റം പരിചയം ഇല്ലാത്ത ചെറുപ്പക്കാർ വന്ന് അപകടകരമായ ആ മലയുടെ മുകളിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുന്നു. എല്ലാത്തിനും വഴിയൊരുക്കി കൊടുത്ത പ്രാദേശികഭരണകൂടവും ടൂറിസം വകുപ്പും ഒരു സുരക്ഷാ ബോർഡ് പോലും സ്ഥാപിക്കാതെ അങ്ങനെ നിഷ്‌ക്രിയരായി നിൽക്കുന്നു.

ഈ മണ്ണിൽ പവിത്രമായ ചില ഇടങ്ങൾ ഉണ്ടാവണം എന്ന് പഴയ മനുഷ്യർ തീരുമാനിച്ചത് എന്തിനാണ് എന്ന് ഇനിയെങ്കിലും നമ്മൾ അറിയണം. എല്ലാ മലകളും കീഴടക്കാൻ ഉള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാൻ ഉള്ളതല്ല, എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പർശം എൽക്കപ്പേടെണ്ടതല്ല. അന്ധവിശ്വാസമായി നാം തള്ളിക്കളഞ്ഞ ചില കഥകളുടെ (മിത്തുകളുടെ) ആത്മാവ് ഇനിയെങ്കിലും തിരിച്ചറിയപ്പെടണം. ഇല്ലിക്കൻ കോട്ടയത്തിന്റെ ഹിമവാനാണ്- ദേവഗണങ്ങൾ വാഴുന്നിടം. ദേവഭൂമിയിൽ അനർഹമായി കാലുകുത്തിക്കൂടാ. അങ്ങനെ ചെയ്താൽ വിധി നിങ്ങളെ കാത്തിരിക്കും, ചിലപ്പോൾ മരണത്തിന്റെ ശിക്ഷാദണ്ഡുമായി.