തളങ്കര: സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനും പഴയകാല ഫുട്ബോൾ താരവും ദുബായിലെ അൽ മൻസൂർ ജൂവലറി മാനേജറുമായ തളങ്കര ജദീദ് റോഡിലെ ഇല്യാസ് എ. റഹ്മാൻ(62) അന്തരിച്ചു. ഇന്ന് രാവിലെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം മൂലം ഏതാനും മാസമായി ചികിത്സയിലായിരുന്നു. യു.എ.ഇ.യിലെ കാസർകോടൻ കൂട്ടായ്മയായ കെസഫിന്റെ ട്രഷററായിരുന്നു.

നാട്ടിലും ഗൾഫിലും നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതൃരംഗത്ത് സജീവമായിരുന്നു. എഴുത്തുകാരൻ കൂടിയായ ഇല്യാസ് എ. റഹ്മാന്റെ നിരവധി ലേഖനങ്ങൾ ഉത്തരദേശം അടക്കമുള്ള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ഗൾഫിലും നാട്ടിലുമായി വലിയൊരു സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു.അവസാന കാലം വരെയും ഫുട്ബോൾ രംഗത്ത് സജീവമായിരുന്നു. കാസർകോട് നാഷണൽ സ്പോർട്സ് ക്ലബ്ബിന്റെ പഴയകാല താരമായ ഇല്യാസ് ദുബായിൽ ഈ അടുത്തും യു.എഫ്.എഫ്.സി, ടിഫ, കെഫ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നു. ജദീദ് റോഡ് കൂട്ടായ്മയുടെ ചെയർമാനായിരുന്നു. ജദീദ് റോഡിലെ പരേതരായ ഹാജി വെളുക്ക അബ്ദുൽ റഹ്മാൻ സ്രാങ്കിന്റെയും സൈനബ ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: ബദ്റുന്നീസ. മക്കൾ: നബീൽ, ഇനാസ്, ഷൈമ. മരുമകൾ: ഷംന. സഹോദരങ്ങൾ: അബ്ദുല്ല കുഞ്ഞി (വിന്നർ), ഷാഫി എടനീർ, അബ്ദു റഹീം ജദീദ് റോഡ്, റുഖിയ ഖാസിലേൻ, ഖദീജ മുട്ടത്തോടി, പരേതരായ ബീവി പള്ളം, ആയിഷ ചൂരി, മറിയം മുട്ടത്തോടി.

ദുബായ് mാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും യു എഫ് എഫ് സി ദുബായ് ക്ലബിന്റെ സ്ഥാപകനും പ്രവാസ ലോകത്തും നാട്ടിലും നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതൃരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ഇല്യാസ് എ. റഹ്മാന്റെ നിര്യാണത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദിൻ ട്രഷറർ ഫൈസൽ പട്ടേൽ അനുശോചിച്ചു ജീവകാരുണ്യ രംഗത്തും കാലിക പ്രശ്‌നങ്ങളിലും പ്രവാസികളുടെ വിഷയങ്ങളിലൊക്കെ ശക്തമായ ഇടപെടൽ നടത്തി കൊണ്ടിരുന്ന ഇല്യാസ് റഹ്മാന്റെ ദേഹ വിയോഗം തീരാനഷ്ടമാണെന്നും അഭിപ്രായപ്പെട്ടു