ബോളിവുഡിൽ തുറന്നു പറച്ചിലുകളുടെ കാലമാണ് നിലവിൽ. കഴിഞ്ഞ ദിവസങ്ങളിലായി എഴുത്തുകാരിയും മോഡലുമായ പാത്മാ ലക്ഷ്മിയും പ്രശസ്ത നടി തനുശ്രീ ദത്തയും തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ബിഗ് ബിയോട് അഭിപ്രായം തിരക്കിയ മാധ്യമ പ്രവർത്തകരിൽ നിന്ന് അമിതാബച്ചൻ നൈസായി സ്‌കൂട്ടാവുകയായിരുന്നു. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ വച്ച് മാധ്യമപ്രവർത്തകർ ഇതേ കുറിച്ച് ചോദിച്ചപ്പോളായിരുന്നു വ്യക്തമായി ഉത്തരം പറയാതെ ബച്ചൻ ഒഴിഞ്ഞുമാറിയത്.

'എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കർ എന്നോ അല്ല. പിന്നെങ്ങനെയാണ് ഞാനീ ചോദ്യത്തിന് മറുപടി പറയുക?' എന്നായിരുന്നു ബച്ചന്റെ പ്രതിരണം.അതേസമയം ചടങ്ങിൽ പങ്കെടുത്ത നടൻ ആമിർ ഖാനോട് ഈ ചോദ്യം ചോദിച്ചപ്പോൾ'ഒരു കാര്യത്തിന്റെ സത്യാവസ്ഥ എന്തെന്നറിയാതെ അതേക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അത് ശരിയാണെന്നും കരുതുന്നില്ല. പക്ഷെ ഇത്തരം സംഭവങ്ങൾ എപ്പോളായാലും നടക്കുന്നത് ദുഃഖകരമാണ്. അതു സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷിച്ച് കണ്ടെത്തണം,' എന്നായിരുന്നു ആമിറിന്റെ പ്രതികരണം.

2008ലാണ് തനുശ്രീ ആദ്യമായി നാനയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത്. പത്ത് വർഷം മുമ്പ് ടഹോൺ ഓകെ പ്ലീസ്ട എന്ന ചിത്രത്തിന്റെ സെറ്റിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് നാനാ പടേക്കർ ആണെന്ന് സൂം ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. പത്ത് വർഷം മുമ്പ് നടന്ന ഈ സംഭവം സിനിമാ മേഖലയിലെ എല്ലാവർക്കും അറിവുള്ളതാണെന്നും എന്നാൽ ആരും തന്നെ നാനാ പടേക്കർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും തനുശ്രീ കുറ്റപ്പെടുത്തി.

സിനിമയിൽ താൻ ചെയ്യുന്ന വേഷങ്ങൾ ആളുകൾക്കിടയിൽ തന്നെക്കുറിച്ച് മോശമായ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ ദേശീയ പുരസ്‌കാരം ലഭിച്ചതുകൊണ്ടു മാത്രം ഒരാൾ നല്ല മനുഷ്യനായിക്കൊള്ളണമെന്നില്ലെന്നും തനുശ്രീ തുറന്നടിച്ചു.ഇതിന്റെ പേരിൽ പലതരത്തിലുള്ള ആക്രമണങ്ങൾക്ക് താൻ വിധേയയായിട്ടുണ്ടെന്നും, തന്റെ കുടുംബത്തെ പോലും മാനസികമായി ആക്രമിച്ചിട്ടുണ്ടെന്നും തന്നെ നിശബ്ദയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും തനുശ്രീ വെളിപ്പെടുത്തി.

ആഷിഖ് ബനായാ ആപ്നേ എന്ന സിനിമയിലൂടെയാണ് തനുശ്രീ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ദോൾ, ഗുഡ് ബോയ് ബാഡ് ബോയ്, അപ്പാർട്ട്മെന്റ് തുടങ്ങിയ സിനിമകളിൽ തനുശ്രീ അഭിനയിച്ചിട്ടുണ്ട്.രാധിക ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കരർ, കൊങ്കണ സെൻ ശർമ എന്നിവർക്ക് ശേഷം ബോളിവുഡിൽ നിന്ന് ലൈംഗിക പീഡനത്തെയോ ചൂഷണത്തെ പറ്റി വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ.