തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മുൻ നായകൻ ഐ.എം. വിജയൻ 10.5 ലക്ഷം രൂപ കൈമാറി. കേരളത്തിനു കൈത്താങ്ങേകാൻ കൊൽക്കത്തയിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോൾ മത്സരത്തിലൂടെ സമാഹരിച്ച തുകയാണ് വിജയൻ മുഖ്യമന്ത്രിക്ക് കൈമാറിയത്.

കേരളത്തിന്റെ രാജ്യാന്തര ഫുട്‌ബോളർമാരായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണു കൊൽക്കത്ത കല്യാണി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ കേരളത്തിനായി മത്സരം സംഘടിപ്പിച്ചത്.

ഓൾ സ്റ്റാർ റെഡ്‌സ്, ഓൾ സ്റ്റാർ ബ്ലൂസ് എന്നീ ടീമുകളാണു കളിച്ചത്. കളി 1-1 സമനിലയിൽ സമാപിച്ചു. റെഡ്‌സിനെ ജോപോളും ബ്ലൂസിനെ മുൻ ഇന്ത്യൻ നായകൻ ദേബ് ജിത് ഘോഷും നയിച്ചു.കേരളത്തെ പ്രതിനിധീകരിച്ച് ജോപോളിനൊപ്പം മുൻ ഇന്ത്യൻതാരങ്ങളായ എം.സുരേഷ്, രാമൻ വിജയൻ തുടങ്ങിയവരും മത്സരത്തിൽ പങ്കെടുത്തു.