പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ. കോവിഡ് വാക്സിനേഷൻ ഉൾപ്പെടെയുള്ള എല്ലാ വിധ ചികിത്സയും നിർത്തി വച്ച് സമരം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഐ.എം.എ കൊച്ചി ശാഖ. ഇക്കഴിഞ്ഞ മൂന്നാം തിയതി ഉച്ചയ്ക്ക് ഒരുമണിയോടെ തഖ്ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കോവിഡ് ലക്ഷണങ്ങളുള്ള ഭാര്യയ്ക്കും കുട്ടികൾക്കും ചികിത്സ തേടി എത്തിയ വ്യക്തിയാണ് ഡ്യൂട്ടി ഡോക്ടറായ ജീസൺ ജോണിയെ അസഭ്യം പറയുകയും, കൈയേറ്റം നടത്തുകയും ചെയ്തത്. എടത്തല പൊലീസ് ഐ.പി.സി 323,294(ബി),506 വകുപ്പുകൾക്ക് പുറമെ 2012-ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും ഉന്നത സ്വാധീനമുള്ള പ്രതി ഇപ്പോഴും നാട്ടിൽ യഥേഷ്ടം സ്വൈര്യവിഹാരം നടത്തുന്നു.

പ്രതി ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. ഇത് അംഗീകരിക്കാനാവില്ല. 2012 മുതൽ സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കും, ആശുപത്രികൾക്കും സംരക്ഷണം നൽകുന്ന ശക്തമായ നിയമം നിലവിണ്ടായിട്ടും അവ ഫലപ്രദമായി നടപ്പാക്കുന്നില്ല. സമാനമായ സംഭവങ്ങൾ ഇപ്പോൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നു. മിക്കപ്പോഴും കോവിഡ് വാക്സിനേഷനിലും ചികിത്സയിലും രാഷ്ട്രിയ ഇടപെടലുകൾ വരുമ്പോഴാണ് ആശുത്രികളിൽ സംഘർഷം ഉണ്ടാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ഭയരഹിതരായി തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് വകുപ്പ് മന്ത്രിയോടും, മുഖ്യമന്ത്രിയോടും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും കുറ്റകരമായ മൗനം തുടരുകയാണെന്ന് ഐ.എം.എ ഭാരവാഹികൾ കുറ്റപ്പെടുത്തി.

ഒന്നര വർഷമായി വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരും മനുഷ്യരാണെന്നും അവരും സാമാന്യ നീതി അർഹിക്കുന്നവരാണെന്നും ഭാരവാഹികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആദ്യപടി എന്ന നിലയിൽ ഐ.എം.എ കൊച്ചി ശാഖ വാക്സിനേഷൻ ഉൾപ്പെടെയുള്ള ജോലികൾ നിറുത്തിവച്ചുകൊണ്ടുള്ള പണിമുടക്കിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രാഹം വർഗീസ് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ.അതുൽ ജോസഫ് മാനുവൽ, വൈസ് പ്രസിഡന്റ് ഡോ.എം.എം.ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.