ആലുവ: ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ. കോവിഡ് മഹാമാരി കാലത്ത് ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഐഎംഎയുടെ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.

ഡോക്ടർമാർ നേരിടുന്ന തൊഴിലില്ലായ്മയും സ്വകാര്യമേഖലയിൽ തൊഴിലുറപ്പ് ഇല്ലാത്തതും ആരോഗ്യമേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി അഭിപ്രായപ്പെട്ടു. ആലുവയിലായിരുന്നു ഐഎംഎയുടെ സംസ്ഥാന സമ്മേളനം നടന്നത്.

കോവിഡ് മൂലം രാജ്യത്താകെ 2400ലേറെ ഡോക്ടർമാർക്ക് ജീവൻ നഷ്ടമായി. കേരളത്തിൽ 32 ഡോക്ടർമാരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. പ്രതികൂലസാഹചര്യത്തിലും ഈ മഹാമാരിക്കെതിരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രി മാലിന്യ നിർമ്മാർജ്ജനരംഗം വ്യാവസായികവൽക്കരിക്കുന്നത് ആരോഗ്യമേഖലയിൽ കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സർക്കാർ ഇതിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എം.എ ദേശീയ അധ്യക്ഷൻ ഡോ. ജെ.എ. ജയലാൽ, ദേശീയ സെക്രട്ടറി ജനറൽ ഡോ. ജയേഷ് എം. ലെലെ, ഐ.എം.എ. മുൻ ദേശീയ അധ്യക്ഷൻ ഡോ. എ. മാർത്താണ്ഡ പിള്ള, ഐ.എം.എ. എ.കെ.എൻ. സിൻഹ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. പി.കെ. മുഹമ്മദ് റഷീദ്, നിയുക്ത ഐ.എം.എ. ദേശീയ ഉപാധ്യക്ഷൻ ഡോ. ജോസഫ് മാണി, മുൻ സംസ്ഥാന അധ്യക്ഷൻ ഡോ. പി.ടി. സക്കറിയ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ നേരിട്ടും, ഓൺലൈനായും പങ്കെടുത്തു.

ചടങ്ങിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സംസ്ഥാന പ്രസിഡന്റായി ഡോ. സാമുവൽ കോശിയും സംസ്ഥാന സെക്രട്ടറിയായി ഡോ. ജോസഫ് ബനവനും ചുമതലയേറ്റു. പുതിയ ഡോ. വി.എ. സിനി പ്രിയദർശിനി (സംസ്ഥാന ട്രഷറർ), ഡോ. പി. ഗോപികുമാർ, ഡോ. വി.പി. സുരേന്ദ്രബാബു, ഡോ. വി. മോഹനൻ നായർ (സംസ്ഥാന വൈസ് പ്രസി.), ഡോ. ജോയി മഞ്ഞില, ഡോ. നാരായണൻ പി., ഡോ. അനിത ബാലകൃഷ്ണൻ, ഡോ. ശ്രീജിത്ത് ആർ. (ജോ. സെക്ര.) എന്നിവരാണ് മറ്റുഭാരവാഹികൾ.

മുൻ ദേശീയ അധ്യക്ഷൻ ഡോ. രാജൻ ശർമ പുതിയ പ്രസിഡന്റ് ഡോ. സാമുവൽ കോശിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.