- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശയക്കുഴപ്പം ഇനി വേണ്ട; ബാബ രാംദേവിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ഐഎംഎ; സംവാദം മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ; സ്ഥലം ഐഎംഎ നിശ്ചയിക്കും; സമയം രാംദേവിന് തീരുമാനിക്കാമെന്നും ഉത്തരാഖണ്ഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ന്യൂഡൽഹി: ബാബരാംദേവിനെ പൊതുസംവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അലോപ്പതി മരുന്നിനെതിരെ രാംദേവ് നടത്തിയ വിവാദപരാമർശത്തെത്തുടർന്നാണ് ഐഎംഎ സംവാദത്തിന് വെല്ലുവിളിച്ചത്. പതഞ്ജലി യോഗ്പീതിലെ ആയുർവേദ വിദഗ്ധരുമായി സംവാദം നടത്താൻ ഐഎംഎ തയാറാണെന്ന് ഉത്തരാഖണ്ഡ് പ്രസിഡന്റ് ഡോ. അജയ് ഖന്ന അറിയിച്ചു. ഇതിനായി യോഗ്യരായ ഡോക്ടർമാരുടെ പാനൽ തയാറാണ്. സംവാദം മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം.
രാംദേവിനും അനുയായി ബാൽകൃഷ്ണയ്ക്കും സംഘത്തിൽ പങ്കുചേരാം. എന്നാൽ ഇരുവരും കാഴ്ചക്കാരായിരിക്കണമെന്ന നിബന്ധന മാത്രം. കാരണം ഇരുവരുടേയും യോഗ്യത എന്താണ് അറിയിച്ചിട്ടില്ല. സമയം രാംദേവിന് നിശ്ചയിക്കാം. സ്ഥലം ഐഎംഎ തീരുമാനിക്കും. രാംദേവ് ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന് അറുതിയുണ്ടാക്കണം. അതിനാൽ നിർദ്ദേശം എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആയുർവേദവും അലോപ്പതിയും തമ്മിലുണ്ടായിരുന്ന ഐക്യം കുറച്ചുദിവസങ്ങളായി തകർന്നു. അതു പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും ഐഎംഎ പറഞ്ഞു.
അലോപ്പതി മരുന്നു കഴിച്ച ലക്ഷക്കണക്കിന് കോവിഡ് രോഗികളും രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 10,000 ഡോക്ടർമാരും മരിച്ചുവെന്ന് രാംദേവ് പ്രസ്താവന നടത്തിയിരുന്നു. ഇതേതുടർന്ന് രാജ്യദ്രോഹക്കുറ്റത്തിന് രാംദേവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
അലോപ്പതി ചികിത്സയേയും ഡോക്ടർമാരേയും അധിക്ഷേപിച്ച രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നേരത്തേ ഐ.എം.എ നോട്ടീസ് അയച്ചിരുന്നു.ഏത് ആയുർവേദ ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകൾ നൽകുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കോവിഡ് വാക്സിനെക്കുറിച്ചും ആധുനിക വൈദ്യ ശാസ്ത്രത്തെക്കുറിച്ചും ബാബാ രാംദേവ് നടത്തിയ മോശം പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ തങ്ങൾ രാംദേവിനെതിരെ നൽകിയ പരാതികളും മാനനഷ്ടക്കേസും പിൻവലിക്കാൻ തയാറാണെന്ന് ഐ.എം.എ ദേശീയ അധ്യക്ഷൻ ഡോ. ജെ.എ ജയലാൽ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഐ.എ.എ സംവാദത്തിന് ക്ഷണിച്ചത്.
രാജ്യം മഹാമാരിയെ വരുതിയിൽ വരുത്തുവാൻ ശ്രമിക്കുന്നതിനിടെ ആധുനിക വൈദ്യശാസ്ത്രത്തെ അപഹസിക്കുന്നത് ഗവൺമെന്റിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഡോ. ജെ.എ ജയലാൽ പറഞ്ഞു. രാംദേവിനെതിരെ ഐ.എം.എക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല.വാക്സിനെതിരെയുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതിരിച്ചുവിടാനും സാധ്യതയുള്ളതും ആണെന്ന് ഡോ.ജയലാൽ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ